ഹെൽത്ത് സപ്ലിമെന്റ് ബ്രാൻഡിന്റെ പ്രമോഷനു പിന്നാലെ തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയ്ക്ക് വിമർശനം. 'ദി ലിവർ ഡോക്' എന്നറിയപ്പെടുന്ന ഡോ. സിറിയക് ആബി ഫിലിപ്‌സാണ് സാമന്തയെ രൂക്ഷമായി വിമർശിച്ചത്. എൻഎംഎൻ (നിക്കോട്ടിനാമൈഡ് മോണോ ന്യൂക്ലിയോടൈഡ്) അടങ്ങിയ സപ്ലിമെന്റ് ബ്രാൻഡാണ് സാമന്ത പ്രൊമോട്ട് ചെയ്തത്. ഈ സപ്ലിമെന്റ് ബ്രാൻഡിന്റെ സഹസ്ഥാപക കൂടിയാണ് സാമന്ത.
പ്രായമാകുന്തോറും മനുഷ്യരുടെ NAD+ ലെവലുകൾ കുറയുകയും ഇത് മൂലം ഊർജ്ജം കുറയുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുമെന്ന് സാമന്തയുടെ പരസ്യത്തിൽ പറയുന്നു. സാമന്തയുടെ എൻഎംഎൻ സപ്ലിമെന്റേഷൻ ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്നും താരം അവകാശപ്പെടുന്നു. ഇത് തെറ്റായ വിവരമാണെന്ന് ദി ലിവർ ഡോക് ചൂണ്ടിക്കാട്ടി. 'ശാസ്ത്ര നിരക്ഷരർ' എന്നാണ് സാമന്തയെ ഡോക്ടർ വിശേഷിപ്പിച്ചത്. "ശാസ്ത്രീയ പിന്തുണയില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികളെ പൊതുജനങ്ങൾ സൂക്ഷിക്കണം." - ഡോക്ടർ പറഞ്ഞു. യോഗ്യതയുള്ള ഡോക്ടർമാരുടെ വൈദ്യോപദേശം മാത്രം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല ഡോകട്ർ സിറിയക് സാമന്തയെ വിമർശിക്കുന്നത്. കഴിഞ്ഞ വർഷം, ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷൻ ശുപാർശ ചെയ്തതിന് സാമന്തയെ 'ഫ്രോഡ്' എന്നാണ് ഡോക്ടർ വിശേഷിപ്പിച്ചത്. അതേസമയം വിമർശനങ്ങളിൽ സാമന്ത നേരിട്ട് പ്രതികരിച്ചിട്ടില്ല. കൃത്യമായ സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോയ ശേഷമാണ് തന്റെ പ്രോഡക്ടുകൾ മാർക്കറ്റിൽ എത്തുന്നതെന്നാണ് സാമന്ത അവകാശപ്പെടുന്നത്.