
സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രമാണ് ഹൃദയപൂർവം. ഇപ്പോഴിതാ മോഹൻലാലിന്റെ ഹൃദയപൂർവം ജിയോ ഹോട്‍സ്റ്റാറിലൂടെ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്. കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളിൽ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. മോഹൻലാൽ- സംഗീത് പ്രതാപ് കോമ്പോ വർക്ക് ആയിരിക്കുന്നുവെന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങൾ. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവും ചിത്രത്തിന്റെ ആകർഷണങ്ങളാണ്. മികച്ച ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവം എന്നാണ് പൊതുവെയുള്ള പ്രതികരണങ്ങൾ.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം 75.73 കോടി കളക്ഷൻ നേടിയപ്പോൾ വിദേശത്ത് നിന്ന് മാത്രം 29.25 കോടി ഹൃദയപൂർവം ആകെ നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.
ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്.