
സ്വന്തം അച്ഛന്റെ പേരുള്ള കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് സുപ്രിയ മേനോൻ. ഹിന്ദി സിനിമയായ ‘സർസമീനി’ൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് മേനോൻ എന്നാണ്. തന്റെ അച്ഛന്റെ പേരിൽ ഭർത്താവ് ഒരു കഥാപാത്രമായി എത്തിയത് ഏറെ സന്തോഷം നൽകുന്നുവെന്ന് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ആർമി ഓഫിസറായി അഭിനയിക്കുന്ന പൃഥ്വിരാജിന്റെ ഷർട്ടിലെ നെയിം പ്ലേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിയയുടെ കുറിപ്പ്.
സുപ്രിയ മേനോന്റെ അച്ഛന്റെ പേര് മണമ്പ്രക്കാട്ട് വിജയകുമാർ മേനോൻ എന്നായിരുന്നു. ഏകമകളായതിനാൽ സുപ്രിയയ്ക്ക് അച്ഛനുമായി അത്രയേറെ മാനസിക അടുപ്പമുണ്ടായിരുന്നു. 71-ാം വയസ്സിൽ കാൻസർ ബാധിതനായി സിപ്രിയയുടെ അച്ഛൻ മരിച്ചിരുന്നു. അകാലത്തിൽ വിട്ടുപിരിഞ്ഞ അച്ഛന്റെ പേരിൽ പൃഥ്വിരാജ് ഒരു സിനിമയിലെത്തിയത് സുപ്രിയയ്ക്കും വികാരഭരിതമായ നിമിഷമായി മാറി.
‘‘വിജയ് മേനോൻ! ഇത് എന്റെ അച്ഛന്റെ യഥാർഥ പേരാണ്, സർസമീനിൽ പൃഥ്വിരാജ് ഈ പേരിൽ ആണ് അഭിനയിച്ചത് എന്നത് വലിയൊരു യാദൃച്ഛികതയായി.’’– സുപ്രിയ മേനോൻ കുറിച്ചു.
പൃഥ്വിരാജ് സുകുമാരനും കാജോളും നായികാനായകന്മാരായെത്തിയ ഹിന്ദി ആക്‌ഷൻ ത്രില്ലർ ചിത്രമാണ് ‘സർസമീൻ’. കയോസ് ഇറാനി സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ പൃഥ്വിരാജിന്റെ മകന്റെ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ജൂലൈ 25-ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു.