മുംബൈ: നെറ്റ്ഫ്ലിക്സ് സിഇഒ ടെഡ് സരോന്‍ഡസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. സിനിമയുടെ കാര്യത്തില്‍ ടെക്കികള്‍ മണ്ടന്മാരാണെന്ന് അറിയാം. എന്നാൽ, സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനം തന്നെയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് കശ്യപിന്റെ പ്രതികരണം.
നെറ്റ്ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയിരുന്നു ‘സേക്രഡ് ഗെയിംസ്’. വിക്രം ചന്ദ്രയുടെ നോവലിനെ ആസ്പദമാക്കി വിക്രമാദിത്യ മോട്വാനെയും അനുരാഗ് കശ്യപുമാണ് സീരീസ് സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെയാണ് നെറ്റ്ഫ്ളിക്‌സ് കോ-സിഇഓ ആയ ടെഡ് സരോന്‍ഡസ് ആദ്യ ഇന്ത്യന്‍ ഒറിജിനലായി ‘സേക്രഡ് ഗെയിംസ്’ തിരഞ്ഞെടുത്തത് തെറ്റായി പോയി എന്ന് പറഞ്ഞിരുന്നത്. നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റിലാണ് സരോന്‍ഡസ് ഇക്കാര്യം പങ്കുവെച്ചത്.
"അമ്മായിഅമ്മ-മരുമകള്‍ പോര് വരുന്ന സീരിയല്‍ പരിപാടിയിലൂടെ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഒറിജിനല്‍ ആരംഭിക്കണമായിരിക്കുമല്ലേ. കഥ പറച്ചലിന്റെ കാര്യത്തില്‍ ടെക്കികള്‍ മണ്ടന്മാരാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ടെഡ് സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കണ്ടെത്തിയതില്‍ സന്തോഷം. ഇപ്പോള്‍ എല്ലാം വ്യക്തമാണ്." - എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. സേക്രഡ് ഗെയിംസിനെ കുറിച്ചുള്ള ടെഡ് സരോന്‍ഡസ്സിന്റെ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് അനുരാഗ് കശ്യപിന്റെ വിമര്‍ശനം.