
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും സാന്ദ്ര തോമസ് രംഗത്ത്. പൈസയിറക്കിയാണ് ലിസ്റ്റിൻ സ്റ്റീഫൻ ‘പ്രിൻസ് ആൻഡ് ഫാമിലി’ ഹിറ്റാക്കിയതെന്ന് സാന്ദ്ര. കാശിറക്കി ആളെ കൊണ്ടുവന്നാണ് ലിസ്റ്റിൻ തീയേറ്ററുകൾ ഹൗസ്ഫുള്ളാക്കിയതെന്നും സാന്ദ്ര പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസങ്ങളായി മലയാള സിനിമയുടെ ലാഭനഷ്ടക്കണക്കുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിടാത്തതിനുള്ള കാരണം ലിസ്റ്റിന്റെ സിനിമകൾ കൂടി അതിൽ ഉള്ളതുകൊണ്ടാണെന്ന് സാന്ദ്ര തോമസ്. "മറ്റ് നിർമാതാക്കളുടെ സിനിമയെ കുറിച്ച് സംസാരിക്കാൻ മാത്രമേ ലിസ്റ്റിന് കഴിയൂ. സ്വന്തം സിനിമയുടെ കാര്യത്തിൽ മിണ്ടാതിരിക്കും. ലിസ്റ്റിൻ നിർമിച്ച ‘മൂൺവാക്ക്’, ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്നീ സിനിമകൾ റിലീസായതോടെയാണ് കണക്കുകൾ പുറത്തുവിടുന്ന പരിപാടി നിർത്തിയത്." - സാന്ദ്ര തോമസ് ആരോപിച്ചു.
“പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ ഹിറ്റായെന്ന് ലിസ്റ്റിൻ കാണിച്ചത് നല്ലപോലെ കാശിറക്കിയിട്ടാണ്. അയാൾക്ക് ആകെ വന്ന നഷ്ടം ടാക്‌സാണ്. പടത്തിന്റെ പ്രൊഡ്യൂസറും വിതരണക്കാരനും ലിസ്റ്റിൻ തന്നെയാണ്. ഹൗസ്ഫുള്ളാണെന്ന് വാദിച്ച തിയേറ്ററുകളും അയാളുടേത് തന്നെ. കാശിറക്കി ആളെക്കയറ്റിയാണ് അയാൾ സിനിമ ഹൗസ്ഫുള്ളായി കാണിച്ചത്.
കണക്കുകൾ നോക്കുമ്പോൾ ലിസ്റ്റിന് നഷ്ടമായി വരുന്നത് ആകെ ടാക്സ് മാത്രമാണ്. സിനിമ ഹിറ്റാണെന്ന് കാണിച്ചാൽ സാറ്റലൈറ്റ് ഒടിടി ബിസിനസ് നല്ലവണ്ണം നടക്കും. അതും ലാഭമല്ലേ. അസോസിയേഷന്റെ തലപ്പത്ത് ഇരിക്കുന്നതുകൊണ്ടു തന്നെ ഇയാളെ ആരും ചോദ്യം ചെയ്യുകയുമില്ല. മറ്റുള്ള നിർമാതാക്കളുടെ സിനിമ നഷ്ടമാണോ ലാഭമാണോ എന്ന് പറയാൻ ലിസ്റ്റിന് അധികാരം നൽകിയത് ആരാണ്?”- സാന്ദ്ര ചോദിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സാന്ദ്ര തോമസ് നൽകിയ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെ, പല പ്രമുഖർക്കുമെതിരെ താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.