മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി സാന്ദ്രാ തോമസ് |sandra thomas

ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
sandra-thomas
Published on

കൊച്ചി : സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ സമ്മര്‍ദം മൂലമാണ് ഹേമ കമ്മിറ്റി മുന്‍പാകെ പരാതി നല്‍കിയത് എന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

സാന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം....

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി.

ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകര്യ ചാനലിന് നല്‍കിയ പ്രസ്താവന സിനിമ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ്. ഇരകള്‍ ആക്കപെട്ട സ്ത്രീകള്‍ സമ്മര്‍ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ട് വരുന്നത്, അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇരകളാക്കപെട്ട സ്ത്രീകള്‍ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്.

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ ആ ഗായികയെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്, അതിനേക്കാള്‍ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.

സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ”എനിക്ക് 3 പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും” എന്നൊക്കെയുള്ള സോ കാള്‍ഡ് മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു ??

Related Stories

No stories found.
Times Kerala
timeskerala.com