
നടി സന അൽത്താഫിന്റെ ഡാൻസ് വിഡിയോ വൈറലാകുന്നു. യൂട്യൂബിൽ തരംഗമായിരുന്ന ‘ചുട്ടമല്ലി’ എന്ന തെലുങ്കു ഗാനത്തിനാണ് സന ചുവടുവച്ചത്. ലോങ് സ്കേർട്ടും ക്രോപ്പ് ടോപ്പും ധരിച്ചാണ് സന വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ‘ഒരു ഡാൻസ് വിഡിയോ കൂടി’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനകം തന്നെ വലിയ ആരാധകശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘നൈസ്’, ‘സൂപ്പർ’, ‘കിടിലം’ എന്നിങ്ങനെയാണ് ചില കമന്റുകൾ. നേരത്തെ ‘ഏക്ക് നമ്പർ തുജ് കമ്പർ’ എന്ന മറാഠി ഗാനത്തിന് സന ചുവടുവച്ചിരുന്നു. സുഹൃത്തിനൊപ്പമുള്ള ഡാൻസ് വിഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിനു പിന്നാലെയാണ് പുതിയ വിഡിയോ താരം പങ്കുവച്ചിരിക്കുന്നത്.
‘വിക്രമാദിത്യനി’ൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്ക് എത്തുന്നത്. കൊറിയോഗ്രഫറും ബന്ധുവുമായ സജ്ന വഴിയാണു ലാൽജോസ് ചിത്രത്തിൽ സനയ്ക്ക് ആദ്യ അവസരം ലഭിച്ചത്. തുടർന്നു ‘മറിയം മുക്കിൽ’ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു. ‘റാണി പദ്മിനി’യും ‘ബഷീറിന്റെ പ്രേമലേഖന’വും ‘ഒടിയനും’ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ തമിഴിൽ ‘ചെന്നൈ 28’ന്റെ രണ്ടാം ഭാഗത്തിലും ‘ആർകെ നഗറി’ലും പ്രധാന വേഷങ്ങൾ ചെയ്തു.