

നടി സാമന്തയെ ജനക്കൂട്ടം വളഞ്ഞ സംഭവത്തിൽ ആഞ്ഞടിച്ച് ചിന്മയി. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഒരു വസ്ത്രവ്യാപാരശാല ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സാമന്ത. നടിയെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. സാമന്തയുടെ ടീം അംഗങ്ങൾ അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി എക്സിലൂടെ (X) പ്രതികരിച്ചത്.
"സാമന്തയുടെ ടീം അംഗം ആര്യ ഉൾപ്പെടെയുള്ളവർ തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ചാണ് അവരെ സംരക്ഷിക്കുന്നത്. അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടാകാം. അടിസ്ഥാന പൗര സ്വഭാവം അറിയാത്ത ഒരു ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് ഒരു നടിയുടെ ജോലിയല്ല." - ചിന്മയി കുറിച്ചു.
വസ്ത്രവ്യാപാരശാലയ്ക്ക് പുറത്ത് തിക്കിത്തിരക്കിയ ആരാധകരിൽ ഒരാൾ സാമന്തയുടെ മേലേക്ക് വീഴാൻ ആഞ്ഞു. തിരക്കിനിടയിൽ ഇയാൾ നടിയുടെ സാരിയിൽ ചവിട്ടുകയും ചെയ്തു. എന്നാൽ പരിഭ്രമിക്കാതെ വളരെ സമചിത്തതയോടെയാണ് താരം ഈ സാഹചര്യത്തെ നേരിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് നടിയെ കാറിലേക്ക് എത്തിച്ചത്.
സമാനമായ സംഭവം കഴിഞ്ഞ ദിവസം നടി നിധി അഗർവാളിനും നേരിടേണ്ടി വന്നിരുന്നു. പ്രഭാസ് ചിത്രം 'ദി രാജാസാബിന്റെ' ഓഡിയോ ലോഞ്ചിനിടെ ആരാധകർ നിധിയെ എത്തിത്തൊടാനും വസ്ത്രം പിടിച്ചുവലിക്കാനും ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹൈദരാബാദിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ സിനിമാ ലോകത്ത് വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
ആരാധന എന്ന പേരിൽ നടത്തുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.