സജിന്‍ ബാബുവിന്‍റെ 'തിയേറ്റര്‍' റഷ്യയിലെ യാള്‍ട്ട അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ | Theater

യുറേഷ്യന്‍ ബ്രിഡ്‌ജ്-ഇന്‍റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിൽ ഒക്‌ടോബര്‍ ഏഴിനാണ് ചിത്രം വേള്‍ഡ് പ്രീമിയര്‍ ചെയ്യുന്നത്
Theater
Published on

ദേശീയ പുരസ്‌കാര ജേതാവ് സംവിധായകന്‍ സജിന്‍ ബാബുവിന്‍റെ പുതിയ ചിത്രം 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ യാള്‍ട്ട അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിന്. യുറേഷ്യന്‍ ബ്രിഡ്‌ജ്-ഇന്‍റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഒക്‌ടോബര്‍ ഏഴിനാണ് ചിത്രം വേള്‍ഡ് പ്രീമിയര്‍ ചെയ്യാനൊരുങ്ങുന്നത്. ഈ മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളില്‍ ഒന്നാണ് 'തിയേറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റി'.

ഇക്കാര്യം സംവിധായകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. "തിയേറ്റർ' റഷ്യയിലെ യാള്‍ട്ട യൂറേഷ്യൻ ബ്രിഡ്‌ജ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഇന്‍റര്‍നാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ എട്ട് ചിത്രങ്ങളിൽ ഒന്നായി സെലക്‌ട് ചെയ്‌ത വിവരം സന്തോഷത്തോടെ പങ്കുവയ്‌ക്കുന്നു." - എന്നാണ് സജിന്‍ ബാബു ഫേസ്‌ബുക്കില്‍ കുറിച്ചത്.

"സുഹൃത്തുക്കളെ, ഒക്ടോബർ 16 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന "തിയേറ്റർ" ന്‍റെ ലോകത്തിലെ ആദ്യ പ്രദർശനം റഷ്യയിലെ യാള്‍ട്ട യൂറേഷ്യൻ ബ്രിഡ്‌ജ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഇന്‍റര്‍നാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ എട്ട് ചിത്രങ്ങളിൽ ഒന്നായി സെലക്‌ട് ചെയ്‌ത വിവരം സന്തോഷത്തോടെ പങ്കുവയ്‌ക്കുന്നു.

ഈ ചിത്രത്തിന് നേരത്തെയും ലോകത്തിലെ ചില പ്രമുഖ ഫെസ്‌റ്റിവലുകളിൽ സെലക്ഷൻ കിട്ടിയിട്ടും കൊടുക്കാതിരുന്നത് ഇതൊരു അവാർഡ് ചിത്രമായി ഒതുങ്ങിപ്പോകും എന്ന ആശങ്ക കാരണമായിരുന്നു. റിലീസ് തീയതി പ്രഖ്യാപിച്ചതിന് ശേഷവും ഫെസ്‌റ്റിവലുകളിൽ ക്ഷണം കിട്ടുന്നത് വ്യക്‌തിപരമായി ഇരട്ടി സന്തോഷം നൽകുന്നു.

എന്‍റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി തിയേറ്റർ പ്രേക്ഷകരെ കൂടി മുന്നിൽ കണ്ട് കൊണ്ടുള്ള ലളിതമായതും ഒഴുക്കുള്ളതുമായ ആഖ്യാന രീതിയാണ് ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്. സാമാന്യ പ്രേക്ഷകർക്കും ഇഷ്‌ടമാവുന്ന സിനിമ ഒരു തിയേറ്റർ എക്‌സ്‌പീരിയൻസ് ആയിരിക്കും." -സജിന്‍ ബാബു കുറിച്ചു.

റിമ കല്ലിങ്കല്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രത്തിന് 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു. ഒക്‌ടോബര്‍ 16ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കാന്‍സ് ചലച്ചിത്ര മേളയിലാണ് റിലീസ് ചെയ്‌തത്.

കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീ വിശ്വാസങ്ങളും, ഐതിഹ്യവും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍ത്തികളും അതിലൂടെ മനുഷ്യ ജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്നതാണ് ചിത്രം. അഞ്‌ജന ടാക്കീസിന്‍റെ ബാനറില്‍ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവര്‍ നിര്‍മ്മാതാക്കളായും സന്തോഷ് കോട്ടായി സഹനിര്‍മ്മാതാവായും എത്തുന്നു.

Related Stories

No stories found.
Times Kerala
timeskerala.com