Rima

‘മീടൂ’ ആരോപണങ്ങളിൽ തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിച്ച ഏക വ്യക്തിയാണ് സജിൻ ബാബു; റിമ കല്ലിങ്കൽ | MeToo Allegation

'കുറ്റാരോപിതർ കുറ്റം സമ്മതിക്കുക' എന്നതാണ് മീടൂ മുന്നോട്ട് പോകാൻ പ്രധാനം, പലരും കൗണ്ടർ പരാതികൾ നൽകി അതിജീവിതകളെ അസാധുവാക്കുന്നു
Published on

സംവിധായകൻ സജിൻ ബാബുവിന്റെ ചിത്രത്തിൽ അഭിനയിക്കാനുള്ള കാരണം വ്യക്തമാക്കി നടി റിമ കല്ലിങ്കൽ. ‘മീടൂ’ ആരോപണങ്ങളിൽ തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിച്ച ഏക വ്യക്തി സജിൻ ബാബുവാണ്, അതിനാലാണ് താൻ ഈ ചിത്രത്തിൽ പ്രവർത്തിക്കാൻ തയ്യാറായതെന്ന് റിമ ഒരഭിമുഖത്തിൽ പറഞ്ഞു.

ജോലി ചെയ്യേണ്ടത് എന്റെ ആവശ്യം; ഞാൻ ‘സ്വാർഥയാണ്’ എല്ലാ പോരാട്ടങ്ങൾക്കിടയിലും ഒരു നടി എന്ന നിലയിൽ തനിക്ക് ജോലി ചെയ്യേണ്ടിയിരുന്നു എന്നും, അതിജീവനത്തിനായി താൻ ‘സ്വാർഥ’ യായി എന്നും റിമ തുറന്നു പറഞ്ഞു. “എനിക്ക് ഈ ചിത്രം ആവശ്യമായിരുന്നു. അതാണ് പ്രാഥമിക കാരണം,” - സജിൻ ബാബുവുമായുള്ള സഹകരണത്തെക്കുറിച്ച് റിമ വ്യക്തമാക്കി.

മീടൂ ആരോപണങ്ങളിൽ തെറ്റ് ഏറ്റു പറഞ്ഞ ഏക വ്യക്തിയാണ് സജിൻ ബാബുവെന്ന് റിമ ചൂണ്ടിക്കാട്ടി. 'കുറ്റാരോപിതർ കുറ്റം സമ്മതിക്കുക' എന്നതാണ് മീടൂ മുന്നോട്ട് പോകാൻ പ്രധാനമെന്നും, എന്നാൽ പലരും കൗണ്ടർ പരാതികൾ നൽകി അതിജീവിതകളെ അസാധുവാക്കുകയാണ് ചെയ്യുന്നതെന്നും റിമ പറഞ്ഞു. ഈ സാഹചര്യത്തിൽ, ആദ്യമായി ഖേദം പ്രകടിപ്പിച്ച വ്യക്തി സജിൻ ആണെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, സജിൻ ബാബുവിന് മാപ്പ് നൽകാൻ താൻ ആരുമല്ലെന്നും, ഇക്കാര്യത്തിൽ അവസാനവാക്ക് അതിജീവിതകളുടേതാണെന്നും റിമ വ്യക്തമാക്കി.

അതിജീവിതകൾക്ക് വേണ്ടത് മാപ്പായിരുന്നു, പരാതിയല്ലായിരുന്നു എന്നും അദ്ദേഹം അത് നൽകിയെന്നും റിമ പറഞ്ഞു. “നല്ല മനുഷ്യരുടെ കൂടെ മാത്രമേ ജോലി ചെയ്യൂ എന്ന് എനിക്ക് പറയാൻ കഴിയില്ല,” റിമ തുറന്നു പറഞ്ഞു. താനാണ് ഒരു ചിത്രം സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്യുന്നതെങ്കിൽ ഇത്തരം ആളുകളുമായി സഹകരിക്കില്ലെന്നും, എന്നാൽ അഭിനേതാവ് എന്ന നിലയിൽ തനിക്ക് ഒട്ടും അധികാരമില്ലാത്ത ആളാണെന്നും റിമ പറഞ്ഞു. പ്രത്യേകിച്ച്, നടി എന്ന നിലയിൽ തനിക്ക് നിലനിൽപ്പുപോലുമില്ലാത്ത അവസ്ഥയുണ്ടെന്നും ചില ഉത്തരവാദിത്തങ്ങളിൽ കുറ്റബോധമുണ്ടെങ്കിലും താൻ സ്വാർഥയാണെന്നും ജോലി വേണമെന്നും റിമ കൂട്ടിച്ചേർത്തു.

റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിൻ ബാബു. അദ്ദേഹത്തിന്റെ ‘ബിരിയാണി’ എന്ന ചിത്രം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ സംവിധാനത്തിന് പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു.

Times Kerala
timeskerala.com