
സൈജു കുറുപ്പിനെ നായകനാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഫ്ലാസ്ക്’. ജൂലൈ 18ന് റിലീസായ ചിത്രത്തിന് തീയേറ്ററുകളിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൈജു കുറുപ്പ് എത്തിയത്. തീയേറ്റർ റിലീസിന് ഒന്നര മാസത്തിന് ശേഷം ‘ഫ്ലാസ്ക്’ ഒടിടിയിൽ എത്തുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിട്ടുള്ളത്. സെപ്റ്റംബർ 4 മുതൽ ചിത്രം മനോരമ മാക്സിൽ പ്രദർശനം ആരംഭിക്കും.
‘ജയ് മഹേന്ദ്രന്‍’ എന്ന വെബ് സീരീസിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഫ്ലാസ്ക്’. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍, ലിജോ ജോസഫ്, രതീഷ് എം.എം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സൈജു കുറുപ്പിന്റെ കഥാപാത്രമായ ജ്യോതികുമാര്‍ എന്ന പോലീസ് കോൺസ്റ്റബിളിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഗായകൻ കൂടിയായ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
സൈജു കുറുപ്പിന് പുറമെ സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജയകൃഷ്ണൻ വിജയനാണ്. ക്രിസ്റ്റി സെബാസ്റ്യനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. സിദ്ധാർത്ഥ പ്രദീപാണ് സംഗീത സംവിധാനം.