'മത - സാമുദായിക ഐക്യം തകർക്കുന്നു': 'ഹാൽ' സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി RSS നേതാവ് | Haal
കൊച്ചി: ഷെയിൻ നിഗം നായകനായ 'ഹാൽ' സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ ആർ.എസ്.എസ്. പ്രവർത്തകന്റെ ഹർജി. ആർ.എസ്.എസ്സിനെ സിനിമ മോശമായി ചിത്രീകരിക്കുന്നുവെന്നും, ഇത് മത-സാമുദായിക ഐക്യം തകർക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.(RSS leader files petition in High Court against 'Haal' movie)
ആർ.എസ്.എസ്. ചേരാനല്ലൂർ ശാഖയിലെ മുഖ്യശിക്ഷക് എം.പി. അനിലാണ് ഹൈക്കോടതിയെ സമീപിച്ചത്. 'ഹാലിന്' സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ കക്ഷി ചേരാനാണ് ഇദ്ദേഹം അപേക്ഷ നൽകിയിരിക്കുന്നത്.
സിനിമയുടെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരള ഹൈക്കോടതി നേരത്തെ ചിത്രം കണ്ടിരുന്നു. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. 'ധ്വജപ്രണാമം', 'സംഘം കാവലുണ്ട്' എന്നീ ഡയലോഗുകൾ, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം എന്നിവ ഒഴിവാക്കണം എന്നാണ് നിർദേശം.
സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെ.വി.ജെ. പ്രൊഡക്ഷൻസ് നേരത്തെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന 'ഹാൽ' ഷെയിൻ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സിനിമയുടെ റിലീസ് സെപ്റ്റംബർ 12-ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
