തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിൻ്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ 66 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവും ഉൾപ്പെടെ നാലുപേരാണ് കേസിൽ പ്രതികൾ.( Rs 66 lakh fraud in Diya Krishna's firm)
ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള 'ഓ ബൈ ഓസി' എന്ന ബൊട്ടീക്കിൽ നിന്നാണ് ജീവനക്കാർ ചേർന്ന് രണ്ട് വർഷം കൊണ്ട് 66 ലക്ഷം രൂപ തട്ടിയെടുത്തത്. സ്ഥാപനത്തിലെ പണമിടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ദിയ കൃഷ്ണയുടെ ക്യൂ.ആർ. കോഡിന് പകരം ജീവനക്കാരുടെ ക്യു.ആർ. കോഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
പ്രതികൾ ആഡംബര ജീവിതത്തിനായി ഈ പണം ഉപയോഗിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് കേസിൽ പ്രതികൾ. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങൾ.
ബൊട്ടീക്കിലെ ജീവനക്കാർ പണം തട്ടിയെന്നുകാട്ടി കൃഷ്ണകുമാർ നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. എന്നാൽ ഇതിന് പിന്നാലെ കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കുമെതിരെ ജീവനക്കാർ എതിർപരാതി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, പണം കവർന്നു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയാണ് ഇവർ കൃഷ്ണകുമാറിനും മകൾക്കുമെതിരെ ആരോപിച്ചത്. ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് പറയുന്നു. രണ്ട് കേസുകളിലും അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം കോടതിയിൽ ഉടൻ സമർപ്പിക്കും.