

'കാന്താര: ചാപ്റ്റർ 1’ലെ സസ്പെൻസ് വെളിപ്പെടുത്തി നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. ‘കാന്താര’യുടെ രണ്ടാം ഭാഗത്തിൽ ഋഷഭ് ഷെട്ടി പ്രത്യക്ഷപ്പെട്ടത് ഇരട്ടവേഷത്തിൽ. നായകനായ ബെര്‍മെനെ കൂടാതെ മയക്കാരനെയും അവതരിപ്പിച്ചത് ഋഷഭ് ഷെട്ടി തന്നെയാണെന്നാണ് വെളിപ്പെടുത്തൽ. മയക്കാരനാകുന്ന ഋഷഭിന്റെ മേക്കപ്പ് വിഡിയോ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടു.
ഓരോ ദിവസവും ആറുമണിക്കൂറോളം ചെലവഴിച്ചാണ് ഋഷഭ് മയക്കാരനായി മാറിയത്. പ്രോസ്െതറ്റിക് മേക്കപ്പ് ധരിച്ച് സീനിനു വേണ്ടതെല്ലാം സെറ്റ് ചെയ്ത ശേഷം സംവിധാനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകുന്ന ഋഷഭിനെയും ഈ വിഡിയോയിൽ കാണാം.
ചിത്രീകരണ തിരക്കുകൾ കാരണം ഈ കഥാപാത്രത്തിനുവേണ്ടി മേക്കപ്പ് ആരംഭിക്കുന്നത് പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമാണ്. മേക്കപ്പ് ചെയ്ത് തീരുമ്പോഴേക്കും നേരം പുലരും. പിന്നീട് നേരെ സെറ്റിലേക്ക്. ഇതായിരുന്നു ഋഷഭിന്റെ പതിവ്. സിനിമയില്‍ ഇടക്കിടയ്ക്കു മാത്രം പ്രത്യക്ഷപ്പെടുന്ന ഈ ഫിക്‌ഷനൽ കഥാപാത്രം സ്ക്രീനിലെത്തുമ്പോൾ വിഎഫ്എക്സിന്റെ സഹായം കൂടി ഉണ്ടായിരുന്നു. വിഎഫ്എക്സിലൂടെയാണ് ശരീരം മെലിഞ്ഞ രൂപത്തിലാക്കുന്നത്.
‘അടുത്ത ദേശീയ അവാർഡും ഋഷഭ് ഷെട്ടി കൊണ്ടുപോയി', 'ഇങ്ങനെയും ഉണ്ടോ ആത്മാർഥത’ എന്നൊക്കെയാണ് വിഡിയോയ്ക്കു ലഭിക്കുന്ന കമന്റുകൾ.