കാന്താരയുടെ വിജയം ജയസൂര്യയ്‌ക്കൊപ്പം ആഘോഷിച്ച് ഋഷഭ് ഷെട്ടി | Kanthara Chapter-1

സിനിമാ മേഖലയ്ക്കും അപ്പുറം ആഴത്തിലുള്ള സൗഹൃദമാണ് ഇവർക്കിടയിൽ ഉള്ളത്
Jayasurya
Published on

'കാന്താര ചാപ്റ്റർ 1' എന്ന സൂപ്പർഹിറ്റ് ചിത്രത്തിൻ്റെ വിജയം നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി ആഘോഷിച്ചത് മലയാളത്തിൻ്റെ പ്രിയതാരം ജയസൂര്യയോടൊപ്പം. ഒരാവശ്യത്തിനായി കൊച്ചിയിലെത്തിയ ഋഷഭ് ഷെട്ടി, നേരെ പോയത് തൻ്റെ അടുത്ത സുഹൃത്തായ ജയസൂര്യയുടെ വീട്ടിലേക്കായിരുന്നു.

കാന്താരയുടെ വിജയം ആഘോഷിക്കാൻ ജയസൂര്യയും കുടുംബവും ചേർന്ന് പ്രത്യേക കേക്ക് ഒരുക്കിയിരുന്നു. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച ശേഷം ഋഷഭ് ഷെട്ടി ഉച്ച ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. സിനിമയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയിലുള്ള തൻ്റെ സന്തോഷം ജയസൂര്യയുടെ കുടുംബവുമായി പങ്കുവെക്കാൻ അദ്ദേഹം മറന്നില്ല.

ഇന്നലെ കുടുംബത്തോടൊപ്പം 'കാന്താര' കണ്ട ശേഷം, ചിത്രത്തെ പ്രശംസിച്ച് ജയസൂര്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. "കാന്താര, ദൈവത്തിന്റെ തിറയാട്ടം, അഭിനയത്തിന്റെ നിറഞ്ഞാട്ടം" എന്നായിരുന്നു ജയസൂര്യയുടെ വാക്കുകൾ.

"ഋഷഭ്, നിങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് ഒരു മുതൽക്കൂട്ട്. സംവിധായകൻ, എഴുത്തുകാരൻ, അഭിനേതാവ്, ഇതിലെല്ലാം ഋഷഭ് അത്ഭുതാവഹം. പ്രേക്ഷകരിൽ ദൈവീകാനന്ദം നിറച്ച മുഴുവൻ കാന്താര ടീമിനും ഹൃദയത്തിൽ നിന്നുള്ള നന്ദിപൂർവമായ ആശംസകൾ. പ്രത്യേകിച്ച് നമ്മുടെ ജയറാമേട്ടനും. കാന്താര, ഒരു അജ്ഞാതലോകത്തേക്കുള്ള മനോഹരമായ ആത്മീയ യാത്ര." - ജയസൂര്യ കുറിച്ചു.

മലയാളത്തിൻ്റെ പ്രിയതാരം ജയസൂര്യയും കന്നഡയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും തമ്മിൽ സിനിമാ മേഖലയ്ക്കും അപ്പുറം ആഴത്തിലുള്ള സൗഹൃദമാണുള്ളത്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ഇരുവരും സിനിമാ തിരക്കുകൾക്കിടയിലും ഒരുമിച്ച് ക്ഷേത്ര സന്ദർശനങ്ങൾക്ക് സമയം കണ്ടെത്താറുണ്ട്. ഋഷഭ് ഷെട്ടിയുടെ സ്വപ്ന പദ്ധതിയായ 'കാന്താര'യുടെ ചിത്രീകരണ സമയത്ത് ജയസൂര്യ സെറ്റിൽ സന്ദർശനം നടത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com