
കാന്താരയിൽ പ്രവര്‍ത്തിച്ചതിന് ഋഷഭ് ഷെട്ടി ഇതുവരെ പ്രതിഫലം ഒന്നും കൈപ്പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. ചിത്രം സംവിധാനം ചെയ്തതിനും അഭിനയിച്ചതിനും ഋഷഭ് ഷെട്ടി എത്ര പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. സിയാസാറ്റ് എന്ന വെബ്സൈറ്റാണ് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഫലത്തിന് പകരം സിനിമയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെ അടിസ്ഥാനമാക്കി മാത്രം ശമ്പളം വാങ്ങുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നും, ഇതേ രീതിയില്‍ വേറെയും അണിയറ പ്രവര്‍ത്തകര്‍ പ്രതിഫലം മുന്‍കൂര്‍ വാങ്ങിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
125 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ഹോംബാലെ ഫിലിംസാണ് പ്രധാന നിര്‍മാതാക്കളെങ്കിലും ഋഷഭ് ഷെട്ടിയും പണം മുടക്കിയതായാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ ഋഷഭിന്റെ പ്രതിഫല തുകയും ഉയരും. 2022ല്‍ പുറത്തിറങ്ങിയ കാന്താര 16 കോടി രൂപയ്ക്കാണ് നിര്‍മിച്ചത്. എന്നാല്‍ ചിത്രം ആഗോള തലത്തില്‍ 300 കോടിയിലേറെ നേടിയിരുന്നു.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. രുക്മിണി വസന്ത് ആണ് കാന്താര ചാപ്റ്റർ വണ്ണിൽ നായിക. ഋഷഭ് ഷെട്ടിക്ക് പുറമെ ജയറാം, കിഷോര്‍, പ്രമോദ് ഷെട്ടി, ഗുല്‍ഷന്‍ ദേവയ്യ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.