'ബെർമ'യ്ക്കായി റിഷഭ് ഷെട്ടി നടത്തിയ തയ്യാറെടുപ്പുകൾ; മേക്കിങ് വീഡിയോ പുറത്ത് | Kantara

'കാന്താര ചാപ്റ്റർ 1' ന്റെ ഇംഗ്ലീഷ് പതിപ്പ് ഒക്ടോബര് 31-ന് പുറത്തിറങ്ങും
Kantara
Published on

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അഭിനയിച്ച 'കാന്താര ചാപ്റ്റർ 1' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം 22 ദിവസം കൊണ്ട് നേടിയത് 818 കോടി തീയേറ്റർ കളക്ഷനാണ്. ഇതോടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവ'യുടെ കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര .

2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും 'കാന്താര സ്വന്തമാക്കി. കേരളത്തിൽ നിന്നും മാത്രമായി 50 കോടി കടക്കുന്ന നാലാമത്തെ ചിത്രമായി മാറിയ കാന്താര⁠, കേരളത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ അന്യഭാഷാ ചിത്രവുമായി. കേരളത്തിൽ മുൻപ് ബാഹുബലി 2, ലിയോ, ജെയിലര്‍, കെജിഎഫ് 2 എന്നീ അന്യഭാഷാ ചിത്രങ്ങൾ കയ്യടക്കിയ റെക്കോർഡാണ്, വെറും 3 ആഴ്ചകൊണ്ട് കാന്താര ചാപ്റ്റർ 1 നേടിയത്.

കെജിഎഫ് 2, കാന്താര ചാപ്റ്റർ 1 എന്നിങ്ങനെ തങ്ങളുടെ 2 ചിത്രങ്ങൾ 50 കോടി കേരള ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നത് ഹോംബാലെ ഫിലിംസിൻറെ നിർമ്മാണ ചരിത്രത്തിൽ തന്നെ വലിയ ഒരു നാഴികക്കല്ലായി കണക്കാക്കാം.

കാന്താരയിലെ കേന്ദ്ര കഥാപാത്രമായ 'ബെർമ'യ്ക്കായി റിഷഭ് ഷെട്ടി നടത്തിയ തീവ്രമായ തയ്യാറെടുപ്പുകൾ ചിത്രീകരിച്ച ഒരു മേക്കിങ് വീഡിയോ ഇക്കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇതോടെ, ചിത്രത്തിനായി അദ്ദേഹം എടുത്ത വ്യക്തിപരമായ പരിശ്രമങ്ങൾ എത്രത്തോളം സിനിമയുടെ വിജയത്തിൽ നിർണ്ണായകമായി എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജ്ജീവമാകുകയാണ്.

ബോക്സ് ഓഫീസിൽ നാലാം ആഴ്ചയിലേക്ക് കടന്ന 'കാന്താര ചാപ്റ്റർ 1', ഉത്സവ സീസണ് ശേഷവും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിച്ച്‌ നിറഞ്ഞ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യൻ ബോക്സ് ഓഫീസിലെ വിജയത്തിന് ശേഷം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചിത്രത്തിൻറെ ഇംഗ്ലീഷ് പതിപ്പും നിർമ്മാതാക്കൾ ഒക്ടോബര് 31-ന് പുറത്തിറക്കും.

ചിത്രത്തിൻറെ ഓവർസീസ് റിലീസ് നിർവഹിക്കുന്നത് ദുബായ് ആസ്ഥാനമായുള്ള ഫാർസ് ഫിലിംസ് ആണ്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത്, ലോകമെമ്പാടും തിയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് 'കാന്താര: ചാപ്റ്റർ 1'.

Related Stories

No stories found.
Times Kerala
timeskerala.com