കൊച്ചി: നടി റിനി ആൻ ജോർജ് താൻ സി പി എം പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി രംഗത്തെത്തി. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നാണ് അവർ പറഞ്ഞത്. സ്ത്രീപക്ഷ നിലപാട് ആര് പറഞ്ഞാലും യോജിക്കുമെന്നും, കഴിഞ്ഞ ദിവസത്തെ പരിപാടി സ്ത്രീകൾക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ചുള്ളതായിരുന്നു എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. (Rini Ann George about participating in CPM Programme)
ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു. സി പി എമ്മുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാൻ തയ്യാറാണെങ്കിൽ ജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് അവർ വെല്ലുവിളിച്ചു.
തനിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാണെന്നും, പ്രസ്ഥാനത്തെ സ്നേഹിക്കുന്നതിനാലാണ് പലതും തുറന്ന് പറയാത്തതെന്നും, ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്ന് പറയേണ്ടി വരുമെന്നും റിനി വ്യക്‌തമാക്കി. അതിൻ്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.