

നടനും ഗായകനുമായ വിനീത് ശ്രീനിവാസനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് ഗായിക റിമി ടോമി. 20 വർഷത്തിലധികം പഴക്കമുള്ള ചിത്രമാണ് റിമി ടോമി പങ്കുവച്ചത്. സ്റ്റേജിൽ ഇരുവരും ഒരുമിച്ച് പാടുന്നതിനിടയിൽ എടുത്ത ചിത്രമാണ് റിമി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘വർഷം 2004. കൂടെ പാടിയ ഈ കുട്ടി ഇത്രയും വളർന്നു വലിയൊരു സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, സ്റ്റേജ് പെർഫോമർ, നടൻ ആകുമെന്ന് അന്ന് അറിഞ്ഞില്ല’, എന്ന കുറിപ്പോടെയാണ് റിമി ടോമി ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന് താഴെ വിനീത് സന്തോഷം അറിയിച്ചിട്ടുണ്ട്. "ഒരുപാട് കാലമായി... എത്ര നല്ല ഓർമകൾ... ഞാൻ തുടങ്ങിയ കാലത്ത് ഒരു സ്റ്റേജ് പെർഫോർ എന്ന നിലയിലും സഹഗായിക എന്ന നിലയിലും നിങ്ങൾ വലിയ പ്രചോദനമായിരുന്നു... നന്ദി." - എന്നാണ് വിനീത് പോസ്റ്റിന് താഴെ കുറിച്ചത്.
വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ആ ചെക്കന്റെ കോലം കെട്ട ഫോട്ടോ കുത്തിപ്പൊക്കി മാനസികമായി തളർത്തുക... സൈക്കോളജിക്കൽ മൂവ്’ എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് നൽകിയ കമന്റ്. ചിത്രം ‘ക്യൂട്ട്’ ആണെന്നും ആരാധകർ പറയുന്നു.