നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയും ചേർന്ന് അവതരിപ്പിച്ച ഡാൻസ് വിഡിയോ ശ്രദ്ധേയമാകുന്നു. ‘അലൈപായുതേ കണ്ണാ’ എന്ന പാട്ടിനാണ് ഇരുവരും ചേർന്നു ചുവട് വച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിൽ അതിസുന്ദരിമാരായാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
"രണ്ട് ആത്മാക്കൾ, ഒരു താളം. വേദിക്ക് പിന്നിലെ കൊടുങ്കാറ്റുകൾ നിന്നു വേദിയിലെ നിലയ്ക്കാത്ത ചുവടുകളിലേക്ക്. ഇവിടെ നിശബ്ദത പൊട്ടിപ്പുറപ്പെടുകയും കോപം ആളിക്കത്തുകയും ചെയ്യുന്നു. രണ്ട് ഹൃദയങ്ങൾ കൊടുങ്കാറ്റിലൂടെ നൃത്തം ചെയ്യുന്നു. വേദിയിൽ ഭൂതകാലം ഇല്ലാതാവുകയും ചിറകുകൾ മാത്രം അവശേഷിക്കുകയും ചെയ്യുന്നു. ഞങ്ങൾ ഒന്നിച്ച് പറക്കുന്നു." - എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
നൃത്തത്തെ അഭിനന്ദിച്ചു നിരവധിപ്പേർ വിഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘30 സെക്കന്റിന്റെ വിസ്മയം’ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘അതിമനോഹരം’ എന്നാണ് സംവിധായക അഞ്ജലി മേനോൻ കമന്റ് ചെയ്തിരിക്കുന്നത്. പാർവതി തിരുവോത്ത്, നൈല ഉഷ, തുടങ്ങി നിരവധി താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.
അഞ്ജലി മേനോന്റെ ‘ബാക്ക് സ്റ്റേജ്’ എന്ന ചിത്രത്തിൽ റിമ കല്ലിങ്കലും പത്മപ്രിയയും ഒന്നിച്ചെത്തിയിരുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ ഇരുവരും നർത്തകിമാരായാണ് എത്തിയിരുന്നത്. സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ‘ബാക്ക് സ്റ്റേജ്’ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഡാൻസ് വിഡിയോയിലൂടെ ഇരുവരും വീണ്ടും ഒരുമിച്ചെത്തിയിട്ടുള്ളത്.