"എനിക്കിത് മധുരപ്രതികാരം, അന്ന് കരഞ്ഞുകൊണ്ട് നിന്ന അതേ പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ന്"; വൈറലായി രേണു സുധിയുടെ പാട്ട് | Renu Sudhi

"ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പൊലീസ് സ്റ്റേഷനു മുന്നിൽ ഞാൻ കരഞ്ഞുകൊണ്ട് നിന്ന ഒരു സമയമുണ്ട്, അന്ന് നിങ്ങളിൽ പലരും അവിടെ ഉണ്ടായിരുന്നു".
Renu Sudhi
Updated on

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ...’ പാടി വീണ്ടും ആരാധകരുടെ ഹൃദയം കവർന്ന് രേണു സുധി. ചങ്ങനാശ്ശേരിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് രേണു സുധി ഗാനം ആലപിച്ചത്. വിഡിയോ വൈറലായതോടെ വലിയ കയ്യടികളാണ് രേണുവിന് ലഭിക്കുന്നത്. രേണുവിന്റെ പാട്ട് മനോഹരമാണെന്ന് ആരാധകർ കുറിച്ചു. രേണു ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്നാണ് ആരാധകരുടെ ആശംസ.

അതേസമയം, ഉദ്ഘാടനത്തിനെത്തിയപ്പോൾ രേണു സുധി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. "ഈ ഉദ്ഘാടനം ഒരു പ്രതികാരം കൂടിയാണ്. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പൊലീസ് സ്റ്റേഷനു മുന്നിൽ ഞാൻ കരഞ്ഞുകൊണ്ട് നിന്ന ഒരു സമയമുണ്ട്. ഞാൻ കരഞ്ഞുകൊണ്ടു നിൽക്കുമ്പോൾ നിങ്ങളിൽ പലരും ഉണ്ടായിരുന്നു അന്നവിടെ. ഇപ്പോൾ അതേ പൊലീസ് സ്റ്റേഷന്റെ എതിർവശത്തുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കുമ്പോൾ എനിക്കത് മധുര പ്രതികാരം തന്നെയാണ്. ആ ഉദ്യോഗസ്ഥന്മാരൊന്നും ഇപ്പോള്‍ അവിടെയില്ല. പുതിയ ഉദ്യോഗസ്ഥരാണ്. അവരെയല്ല ഞാന്‍ പറയുന്നത്. നല്ല ഉദ്യോഗസ്ഥരും ഉണ്ട്. എന്നാല്‍ അന്ന് അങ്ങനെ അല്ലായിരുന്നു." - എന്നാണ് രേണു പറഞ്ഞത്.

കഴിഞ്ഞ ജൂൺ മാസത്തിൽ, രേണു സുധിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുട്യൂബ് വ്ലോഗര്‍ക്കെതിരെ പരാതി നല്‍കാന്‍ താരം ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാൽ, പരാതി നൽകാനെത്തിയ തന്നോട് പൊലീസ് ഉദ്യോഗസ്ഥര്‍ ദേഷ്യപ്പെട്ടു എന്ന് വെളിപ്പെടുത്തിക്കൊണ്ട് രേണു രംഗത്ത് വന്നു. പൊലീസുകാർ അപമര്യാദയായി പെരുമാറിയെന്നും ആർക്കെതിരെയാണോ പരാതി പറഞ്ഞത്, അവരെ ന്യായീകരിച്ചെന്നും രേണു സുധി ആരോപിച്ചു. സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് കരഞ്ഞുകൊണ്ടു പറയുന്ന രേണുവിന്റെ വിഡിയോ അന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം, വലിയൊരു ആരാധക വൃന്ദവും താരത്തിനുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com