
കോട്ടയം: പ്രശസ്ത മലയാള സിനിമ സംവിധായകൻ നിസാർ (65) അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് നിസാർ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദറിന്റെ മകനാണ്. കരൾ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദ്ദേഹം ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയിലെ മോർച്ചറിയിൽ. നടപടികൾ പൂർത്തിയായാൽ വലിയകുളത്തുള്ള മകളുടെ വസതിയിൽ എത്തിക്കും. സംസ്ക്കാരം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി കബർസ്ഥാനിൽ നടക്കും.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചെലവ് കുറഞ്ഞ സിനിമകൾ സംവിധാനം ചെയ്ത് ഹിറ്റ് ആക്കിയ സംവിധായകൻ ആണ് നിസാർ. 1994ൽ ജയറാമും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ സുദിനമാണ് ആദ്യചിത്രം. തുടർന്ന് 24 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അരങ്ങേറ്റ ചിത്രത്തിന്റെ തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി 'ത്രീ മെൻ ആർമി' എന്ന ചിത്രവും സംവിധാനം ചെയ്തു.
അച്ഛൻ രാജാവ് അപ്പൻ ജേതാവ് (1995), മലയാള മാസം ചിങ്ങം ഒന്നിന് (1996), പടനായകൻ (1996), നന്ദഗോപലന്റെ കുസൃതികൾ (1996), ന്യൂസ്പേപ്പർ ബോയ് (1997), അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998), ബ്രിട്ടീഷ് മാർക്കറ്റ് (1998), ക്യാപ്റ്റൻ (1999), ജനനായകൻ (1999), ഓട്ടോ ബ്രദേഴ്സ് (1999), മേരാം നാം ജോക്കർ (2000), അപരൻമാർ നഗരത്തിൽ (2001), ഗോവ (2001), ഡ്യൂപ്പ്,ഡ്യൂപ്പ്,ഡ്യൂപ്പ് (2001), കായംകുളം കണാരൻ (2002), ജഗതി ജഗദീഷ് ഇൻ ടൗൺ (2002), താളമേളം (2004), ബുള്ളറ്റ് (2008), ഡാൻസ്,ഡാൻസ്,ഡാൻസ് (2017), ആറു വിരലുകൾ (2017). ടൂ ഡേയ്സ് (2018). ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ (2018) എന്നിവയാണ് നിസാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രങ്ങൾ.