ലാഭ നഷ്ടക്കണക്കുകൾ പുറത്തുവിടുന്നത് മലയാള സിനിമയുടെ നാശത്തിനിടയാക്കും; നിർമാതാവ് സന്തോഷ് ടി. കുരുവിള | profit and loss

"വെടക്കാക്കി തനിക്കാക്കുന്ന ഇത്തരം പരിപാടി അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമാണം നിലയ്ക്കും"
Santhosh
Published on

ഓരോ മാസവും മലയാള സിനിമയുടെ ലാഭ നഷ്ടക്കണക്കുകൾ പുറത്തുവിടുന്നത് മലയാള സിനിമയുടെ നാശത്തിനു കാരണമാകുമെന്ന് നിർമാതാവ് സന്തോഷ് ടി. കുരുവിള. സിനിമ രംഗത്തേയ്ക്കു എത്തുന്ന പുതിയ ചിന്താഗതികളുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും സന്തോഷ് പറഞ്ഞു. ഇതിന്റെ പരിണിത ഫലം ഈ രംഗത്തെ സ്വപ്നം കണ്ട് ആശ്രയിച്ച് നിൽക്കുന്ന ഒരു വലിയ വിഭാഗം യുവ ജനതയെയും തൊഴിലാളികളെയും മുച്ചൂടും നശിപ്പിക്കുക എന്നതു തന്നെയാണെന്നും സന്തോഷ് ടി. കുരുവിള വ്യക്തക്കി.

"വെയ് രാജാ വെയ്, ഒന്നു വച്ചാൽ രണ്ട്, രണ്ട് വച്ചാൽ നാല്, നാല് വച്ചാൽ പതിനാറ്... ഇങ്ങനെയൊക്കെ കിട്ടണമെങ്കിൽ നിങ്ങൾ മുച്ചീട്ടുകളിക്കോ മറ്റ് വല്ല ചൂതാട്ടങ്ങൾക്കോ പോവണം, സിനിമാ നിർമാണത്തിനും ഇതര സിനിമാ അനുബന്ധ ബിസിനസുകൾക്കും ഇറങ്ങി തിരിക്കരുത് എന്നാണ് സിനിമാ വ്യവസായത്തിലേയ്ക്ക് ഇറങ്ങിത്തിരിക്കാൻ വരുന്നവരോട് ഒന്നര ദശകത്തിലധികമായ് ഈ രംഗത്ത് നിക്ഷേപം നടത്തുന്ന ഒരു വ്യവസായി എന്ന നിലയിൽ എനിക്കു പറയുവാനുള്ളത് !

മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസാവലോകന റിപ്പോർട്ടുകൾ അതും വളരെ രഹസ്യ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആരാണ് എൽപ്പിച്ചത് എന്നറിയില്ല ?

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒന്നാന്തരം ‘ഏഭ്യത്തരം’. സ്റ്റേറ്റ് അനുവദിച്ച് ഏൽപ്പിച്ചിട്ടുള്ള അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകൾ പുറത്ത് വിടുന്നതെങ്കിൽ അത് മനസ്സിലാക്കാം. ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകൾ പരത്തുകയും സ്വന്തം ഉടലിലേയ്ക്ക് തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ കുത്സിത പ്രവർത്തി അടിയന്തിരമായി ബന്ധപ്പെട്ടവർ അവസാനിപ്പിക്കണം എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്." - അദ്ദേഹം പറഞ്ഞു.

"വെടക്കാക്കി തനിക്കാക്കുന്ന ഇത്തരം പരിപാടി അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമാണം നിലയ്ക്കുക തന്നെ ചെയ്യും. ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും, എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ്. അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും. സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ്, എല്ലാവർക്കും അത് സാധ്യവുമല്ല, കേവലമായ ലാഭത്തിന്റെ ഭാഷ മാത്രമല്ല അത്, അതൊരു പാഷനാണ്, മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിക്കും. ചിലർ വിജയിച്ചു നിൽക്കുമ്പോൾ തന്നെ രംഗം വിടും. ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട്, അത് അറിയാതെ പോവരുത്. പാമ്പുകൾ പടം പൊഴിക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും, പാമ്പാട്ടികൾ കരയേണ്ടതില്ല. മാറ്റമില്ലാത്തത് എന്തിനാണ് ? സിനിമകൾ മാറട്ടെ, നിക്ഷേപ സാധ്യതകളും മാറട്ടെ, ഈ രംഗം മാനം മുട്ടെ വളരട്ടെ...ചില്ലുമേടയിൽ ഇരുന്ന് കല്ലെറിയരുത്." - സന്തോഷ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com