
ഋതു എന്ന സിനിമയിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് ചെറുതും വലുതുമായ ഒട്ടനേകം കഥാപാത്രങ്ങൾ അവതരിപ്പിച്ച ആസിഫ് ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ്. ഓരോ സിനിമ കഴിയുന്തോറും ആസിഫ് അലിയിലെ നടന് വന്ന മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. ഇന്ന് ജയപ്രിയ താരമായി ഉയർന്നു നിൽക്കുന്ന ആസിഫിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം രേഖാചിത്രം ആണ്.
2025 ജനുവരി 9ന് തിയറ്ററുകളിൽ റിലീസ് ചെയ്ത രേഖാചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. മാർച്ച് 7ന് ആണ് രേഖാചിത്രം ഒടിടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ സ്ട്രീമിംഗ് ആരംഭിച്ചുവെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ വ്യക്തമാക്കി. സോണി ലിവ്വിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്.
റിലീസായ ദിവസം മുതൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ രേഖാചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. 75 കോടിയിലധികം ചിത്രം നേടിയെന്നാണ് ഔദ്യോഗിക വിവരം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട പട്ടിക പ്രകാരം 8.5 കോടിയാണ് രേഖാചിത്രത്തിന്റെ ബജറ്റ്. ജനുവരിയിൽ റിലീസ് ചെയ്ത 28 ചിത്രങ്ങളിലെ ഏക വിജയ ചിത്രം കൂടിയാണ് രേഖാചിത്രം എന്നതും ഏറെ ശ്രദ്ധേയമാണ്.