ബംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ നടപടി എടുത്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അപകടത്തെ തുടർന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി സിദ്ധരാമയ്യ അറിയിച്ചു. പൊലീസ് കമ്മീഷണറെയും ഡെപ്യൂട്ടി കമ്മീഷണറെയും ഉൾപ്പടെയാണ് സസ്‌പെൻഡ് ചെയ്തത്. അടുത്ത നടപടി ആർസിബി ഉൾപ്പെട്ട ക്രിക്കറ്റ് ബോർഡിനെതിരെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഇവൻ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 105, 115, 118, 190,132, 125(12), 142, 121 എന്നീ വകുപ്പുകൾ പ്രകാരമാണ് ആർസിബിക്കെതിരെ കേസെടുത്തിട്ടുള്ളത്.
35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്. അതേസമയം, പുറത്ത് ആരാധകർ ജീവനായി പിടയുമ്പോൾ സ്റ്റേഡിയത്തിനുള്ളിൽ വിജയാഘോഷം നടത്തിയ റോയൽ ചാലഞ്ചേഴ്‌സിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.