തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ അടുത്തിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ വിഷയത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ രശ്മികയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ് വിജയ് ദേവരകൊണ്ട. ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിലായിരുന്നു ദേവരകൊണ്ടയുടെ പ്രതികരണം.
രശ്മികയുമായുള്ള സൗഹൃദത്തെ കുറിച്ച് ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത് അവരോടു ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. "ഒരുപാട് സിനിമകളൊന്നും രശ്മികയുമൊത്ത് ഞാൻ ചെയ്തിട്ടില്ല. കൂടുതൽ സിനിമകൾ ചെയ്യണമെന്നുണ്ട്. കാരണം രശ്മിക മികച്ച അഭിനേത്രിയാണ്. വളരെ സുന്ദരിയാണ്. അതുകൊണ്ടു തന്നെ അവരുമൊത്തുള്ള കെമിസ്ട്രി പ്രശ്നമല്ല."– വിജയ് ദേവരകൊണ്ട പറഞ്ഞു.
രശ്മിക കഠിനാധ്വാനം ചെയ്യുന്ന ആളാണെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. "ദൃഢനിശ്ചയത്തിലൂടെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ രശ്മികയ്ക്കു സാധിക്കും. വളരെ ദയാലുവാണ്. സ്വന്തം സന്തോഷത്തെക്കാൾ മറ്റുള്ളവരുടെ സന്തോഷത്തിനു പ്രാധാന്യം നൽകുമെന്നതാണ് അവളിലെ ഏറ്റവും നല്ലകാര്യം." – വിജയ് ദേവരകൊണ്ട പറഞ്ഞു. വിവാഹം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് 'എന്നെങ്കിലും ഉണ്ടാകും' എന്നായിരുന്നു വിജയ്‌യുടെ മറുപടി.