
പ്രശസ്ത സംഗീതജ്ഞൻ എ.ആർ.റഹ്മാന്റെ ഒപ്പ് ടാറ്റൂ ചെയ്ത് റാപ്പർ യോ യോ ഹണി സിങ്. ടാറ്റൂ ചെയ്യുന്നതിന്റെ ബിടിഎസ് വിഡിയോ ഹണി സിങ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ഈ രാത്രിയിലെ എന്റെ മൂന്നാമത്തെ ടാറ്റൂ ജീവിച്ചിരിക്കുന്ന ഒരു മഹാനുവേണ്ടിയാണ്, എ.ആർ.റഹ്മാൻ സർ. എല്ലാത്തിനും നന്ദി’, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
ടാറ്റു ചെയ്യുന്നതിനിടയിൽ റഹ്മാന്റെ ‘തു ഹി രേ’ എന്ന ഗാനം ഹണി സിങ് ആലപിക്കുന്നുണ്ട്. "ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. സംഗീതം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചതിന് നന്ദി. ഞാൻ ഒരു പാട്ടുകാരനായതിനു പിന്നിലെ പ്രചോദനം നിങ്ങളാണ്" ടാറ്റൂ ചെയ്യുന്നതിനിടയിൽ ഹണി സിങ് പറഞ്ഞു. നിരവധി ആരാധകരാണ് ഹണി സിങ്ങിനെ പ്രശംസിച്ച് എത്തുന്നത്. ഒരു ഇതിഹാസത്തിന്റെ കയ്യിൽ മറ്റൊരു ഇതിഹാസത്തെ ടാറ്റൂ ചെയ്തിരിക്കുന്നു എന്നും കമന്റുകളുണ്ട്.
ഹണി സിങ് ആദ്യം ടാറ്റൂ ചെയ്തത് അമ്മയുടെ ഒപ്പ് ആയിരുന്നു. "ആദ്യമായി ടാറ്റൂ ചെയ്തു. അമ്മയുടെ ഒപ്പ്. ഈ ഭൂമിയിലെ ഏറ്റവും സമ്പന്നയായ സ്ത്രീ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഷൗട്ടൗട്ട് ടു മൈ ബ്ലഡ്" എന്ന അടിക്കുറിപ്പോടെയാണ് അമ്മയുടെ ഒപ്പ് ടാറ്റൂ ചെയ്ത ഫോട്ടോ ഹണി സിങ് പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ ടാറ്റൂ കാണിക്കാൻ കഴിയില്ലെന്നും ഹണി സിങ് വ്യക്തമാക്കി.
നിരവധി ബോളിവുഡ് റാപ്പ് ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരുള്ള റാപ്പറാണ് യോ യോ ഹണി സിങ്. ആരാധകരെ പോലെ തന്നെ വിമര്‍ശകരും ഹണി സിങ്ങിനുണ്ട്. 2015-ല്‍ സംഗീതലോകത്തു നിന്ന് ഹണി സിങ് ഇടവേളയെടുത്തിരുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇടവേള എടുത്തത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംഗീതരംഗത്ത് സജീവമാണ് അദ്ദേഹം. അടുത്തിടെ ഹണി സിങ്ങിന്റെ ജീവിതത്തെ കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരിസ് പുറത്തിറങ്ങുകയും നിരവധി അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.