മുംബൈ: ബോളിവുഡ് നടൻ രൺദീപ് ഹൂഡയും ഭാര്യ ലിൻ ലൈഷ്റാമും തങ്ങളുടെ മകളുടെ പേര് ആരാധകർക്കായി പങ്കുവെച്ചു (Randeep Hooda Daughter Name Nyomika). ‘ന്യോമിക ഹൂഡ’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകൾ ജനിച്ചിട്ട് ഒരു മാസം തികയുന്ന വേളയിലാണ് ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. 2026 മാർച്ച് 10-നായിരുന്നു ഇവർക്ക് മകൾ ജനിച്ചത്.
‘ദൈവീക കൃപ’, ‘സ്വാതന്ത്ര്യം’, ‘ആകാശം പോലെ അതിരുകളില്ലാത്തത്’ എന്നിങ്ങനെയാണ് ന്യോമിക എന്ന പേരിന്റെ അർത്ഥമെന്ന് രൺദീപ് വ്യക്തമാക്കി. രൺദീപ് ഹൂഡയുടെ സഹോദരി അഞ്ജലി ഹൂഡയാണ് ഈ പേര് നിർദ്ദേശിച്ചത്. പേര് കേട്ടപ്പോൾ തന്നെ അത് മകൾക്ക് ഏറ്റവും അനുയോജ്യമാണെന്ന് തങ്ങൾക്ക് തോന്നിയതായി ദമ്പതികൾ പറഞ്ഞു.
“ഞങ്ങളുടെ ലോകത്തിന്റെ പുതിയ കേന്ദ്രം” എന്ന മനോഹരമായ ക്യാപ്ഷനോടെ ലിൻ ലൈഷ്റാം മകളെ എടുത്തിരിക്കുന്ന ചിത്രം രൺദീപ് പങ്കുവെച്ചു. “മകൾക്ക് പേരിടുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമായിരുന്നു. മാതാപിതാക്കളെന്ന നിലയിലുള്ള ഈ യാത്രയിലെ ഓരോ നിമിഷവും ഞങ്ങൾ ആസ്വദിക്കുകയാണ്,” – അവർ കുറിച്ചു. മകളുടെ പേര് വിളിക്കുന്ന ഒരു വോയിസ് നോട്ടും ചിത്രത്തിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
2023 നവംബർ 29-ന് മണിപ്പൂരിലെ ഇംഫാലിൽ വെച്ച് പരമ്പരാഗത മെയ്തേയ് (Meitei) ആചാരപ്രകാരമായിരുന്നു രൺദീപിന്റെയും ലിൻ ലൈഷ്റാമിന്റെയും വിവാഹം. തങ്ങളുടെ രണ്ടാം വിവാഹ വാർഷിക വേളയിലായിരുന്നു മാതാപിതാക്കളാകാൻ പോകുന്ന വിവരം ഇവർ ആരാധകരെ അറിയിച്ചത്. പ്രിയ താരങ്ങൾക്കും മകൾക്കും ആശംസകൾ നേർന്ന് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.
Story Summary:
Bollywood actor Randeep Hooda and his wife Lin Laishram have named their newborn daughter Nyomika Hooda. The couple shared the news on social media as the baby turned one month old on April 10. The name, suggested by Randeep’s sister Anjali Hooda, means ‘Divine Grace’ and ‘Freedom’. The couple, who got married in November 2023, welcomed their first child on March 10, 2026.

