

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസും ബ്രഹ്‌മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ചലച്ചിത്രലോകത്ത് തരംഗം. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതിഥിവേഷമാണെങ്കിലും ചിത്രത്തില്‍ വലിയ പ്രാധാന്യമുള്ള കഥാപാത്രമാകും രണ്‍ബീര്‍ കൈകാര്യം ചെയ്യുക എന്നാണ് അണിയറക്കാര്‍ പുറത്തുവിട്ട വിവരം.
ഇന്ത്യന്‍ വാണിജ്യസിനിമയിലെ താരമൂല്യമുള്ള രണ്ട് അതികായരുടെ ചിത്രമായി മാറും 'സ്പിരിറ്റ്'. ചിത്രത്തിന്റെ പൂജ നവംബര്‍ 23ന് ആയിരുന്നു. പ്രൗഢഗംഭീരമായ ചടങ്ങില്‍ ചിരഞ്ജീവി ആയിരുന്നു മുഖ്യാതിഥി. എന്നാല്‍, പൂജയിലും ചിത്രീകരണത്തുടക്കത്തിലും പ്രഭാസും രണ്‍ബീര്‍ കപൂറും പങ്കെടുത്തിരുന്നില്ല.
ചിത്രത്തിൽ ദീപിക പദുകോണ്‍ നായികയാകുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പിന്നീട് താരം പിന്മാറുകയായിരന്നു. പ്രഭാസുമായുള്ള അഭിപ്രായവ്യത്യാസമാണ് ദീപിക പിന്മാറാന്‍ കാരണമെന്നാണ് റിപ്പോർട്ട്. ദീപികയ്ക്കുശേഷം ആരാകും നായിക എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. ഒടുവില്‍ തൃപ്തി ദിമ്രിയായിരിക്കും നായിക എന്ന ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി.
ചിത്രത്തില്‍ രണ്‍ബീറിന്റെ കഥാപാത്രത്തെക്കുറിച്ചും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ നിര്‍ണായകഘട്ടത്തില്‍ ശക്തമായ കഥാപാത്രമായാണു താരം പ്രത്യക്ഷപ്പെടുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പ്രഭാസ്-രണ്‍ബീര്‍ കൂട്ടുകെട്ട് ആദ്യമായി വെള്ളിത്തിരയില്‍ എത്തുമ്പോള്‍ മാസ് ചിത്രമായിരിക്കും 'സ്പിരിറ്റ്' എന്നാണ് അണിയറക്കാര്‍ നല്‍കുന്ന വിവരം.
കഴിഞ്ഞ ഒക്ടോബറില്‍ ഹിന്ദി, തമിഴ്, കന്നഡ, മലയാളം, എന്നീ ഭാഷകളിൽ പ്രകാശ് രാജ്, വിവേക് ഒബ്‌റോയി എന്നിവരെ ഉള്‍ക്കൊള്ളിച്ച് സന്ദീപ് റെഡ്ഡി ഓഡിയോ ടീസര്‍ അനാച്ഛാദനം ചെയ്തിരുന്നു. പ്രഭാസിന്റേത് ഐപിഎസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണെന്നും ടീസര്‍ സൂചന നല്‍കുന്നു. എന്തായാലും ഇന്ത്യന്‍ വെള്ളിത്തിരയിലെ 'സ്റ്റാർ വാര്‍' മഹോത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.