

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന പുരാണ ഇതിഹാസമായ 'രാമായണം' എന്ന ചിത്രത്തിൽ ശ്രീരാമനെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം രൺബീർ കപൂറാണ്. ഈ കഥാപാത്രത്തിനായി താൻ മാംസാഹാരവും മദ്യവും ഉപേക്ഷിച്ചെന്ന് രൺബീർ മുൻപ് വാദിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണത്തിനൊപ്പം യോഗയും മെഡിറ്റേഷനും ശീലിച്ചുവെന്നും രൺബീർ പറഞ്ഞിരുന്നു. എന്നാലിപ്പോൾ, നടൻ മീൻ കഴിക്കുന്ന വിഡിയോ പുറത്തുവന്നതോടെ, സോഷ്യൽ മീഡിയയിൽ നടനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.
ബോളിവുഡ് നടൻ രാജ് കപൂറിന്‍റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഷോയായ 'ഡൈനിങ് വിത്ത് ദ കപൂർസ്' എന്ന ഡോക്യുമെന്‍റെറി സീരീസിലാണ് സംഭവം. പുറത്ത് വന്നിരിക്കുന്ന വീഡിയോയിലാണ് രൺബീർ മീൻ കഴിക്കുന്നത്. ഭക്ഷണമേശയ്ക്ക് ചുറ്റുമിരിക്കുന്ന കപൂർ കുടുംബാംഗങ്ങൾക്ക് അർമാൻ ജെയിൻ ഫിഷ് കറി റൈസും മട്ടനും വിളമ്പുന്നത് കാണാം.
നീതു കപൂർ, കരീന കപൂർ, കരിഷ്മ കപൂർ, റീമ ജെയിൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർ ഉൾപ്പെടെയുളളവർ വിരുന്നിനെത്തിയിരുന്നു. ഇതിൽ കുടുംബാംഗങ്ങൾ ഫിഷ് കറി റൈസ്, ജംഗ്ലി മട്ടൺ തുടങ്ങിയ വിഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതും രൺബീർ ഭക്ഷണം കഴിക്കുന്നതും കാണാം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ ഉണ്ടാകുന്നത്.