
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ ‘രാമായണ’ യുടെ ആദ്യ ഗ്ലിംപ്സ് പുറത്ത്. സിനിമയുടെ ടൈറ്റിൽ കാർഡ് ആണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെ പുറത്ത് വിട്ടത്. ‘ഗെയിം ഓഫ് ത്രോൺസ്’ പോലുള്ള അതിഗംഭീര ടൈറ്റിൽ കാര്‍ഡുകൾക്കൊപ്പം നിൽക്കുന്നൊരു ടൈറ്റിൽ മൊണ്ടാഷ് ആണ് അണിയറക്കാർ നിർമിച്ചിരിക്കുന്നത്. നിതേഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രൺബീര്‍ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്നു. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനുമാണ് സംഗീതം.
ലൈവ് ആക്‌ഷൻ സിനിമകൾ പോലെ കൂറ്റൻ സെറ്റ് ഇട്ട് ഹോളിവുഡ് ലെവൽ പ്രൊഡക്‌ഷൻ ക്വാളിറ്റിയിൽ ഒരുങ്ങുന്ന ചിത്രമാകും രാമായണ. സായി പല്ലവി സീതയായും, രവി ഡൂബൈ ലക്ഷ്മണൻ ആയും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. ഐ മാക്സിലാണ് ചിത്രം പൂർണമായും ചിത്രീകരിക്കുക. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗത്തിൽ അതിഥിവേഷത്തിലാകും യഷ് എത്തുക. രണ്ടാം ഭാഗത്തിലാകും രാമ–രാവണ യുദ്ധം.
മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവുകൊണ്ട് പ്രസിദ്ധനായ ഗൈ നോറിസ് ആണ് സ്റ്റണ്ട് ഡയറക്ടർ. രാമായണത്തിന്റെ സ്കെയിലിന് അനുയോജ്യമായ രീതിയിൽ, ഹൈ-ഒക്ടെയ്ൻ ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്യുന്നതും നോറിസിന്റെ നേതൃത്വത്തിലാകും.
ഇന്ത്യൻ ചലച്ചിത്ര നിർമാണത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും രാമായണമെന്ന് ചിത്രത്തിന്റെ പ്രാരംഭ ഷൂട്ടിങ് റിപ്പോർട്ടുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. മികച്ച ടെക്‌നിഷ്യൻസ്, ലോകോത്തര വിഎഫ്എക്സ് ടീം, ഗംഭീര സെറ്റുകൾ എന്നിവയെല്ലാം ചിത്രത്തിലുണ്ട്. രാമായണ ഭാഗം– 1 60–70 ദിവസം ചിത്രീകരിക്കും.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിലെത്തും.