
നിതേഷ് തിവാരിയുടെ 'രാമായണ' ഹോളിവുഡ് നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രമാണെന്ന് നടൻ സണ്ണി ഡിയോൾ. ചിത്രത്തിൽ ഹനുമാനായി അഭിനയിക്കുന്നത് സണ്ണി ഡിയോളാണ്. തന്റെ കഥാപാത്രത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും സൂമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
തന്റെ റോൾ മികച്ചതും മനോഹരവും ആയിരിക്കുമെന്ന് നടൻ പറഞ്ഞു. "നോക്കൂ, അസ്വസ്ഥത, ഭയം അതിലേതോ ഉണ്ട്. പക്ഷേ അതാണ് അതിന്റെ ഭംഗി, കാരണം നിങ്ങൾ എങ്ങനെ വെല്ലുവിളി ഏറ്റെടുക്കുമെന്നും അതിനോട് എങ്ങനെ പൊരുത്തപ്പെടുമെന്നും നിങ്ങൾ സ്വയം കണ്ടെത്തണം. നിങ്ങൾക്ക് അത് ചെയ്യാൻ അവസരം ലഭിക്കുന്നു. നിർമാതാവായ അമിത്ത് അത് നന്നായി ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്." - സണ്ണി ഡിയോൾ പറഞ്ഞു.
ചിത്രത്തിൽ രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്നു. രാമായണയുടെ ടീസർ പുറത്തു വന്നതോടെ ചിത്രത്തിന്റെ സ്കെയിലിനെയും, ദൃശ്യങ്ങളെയും പലരും പ്രശംസിച്ചു. ഇതുവരെയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒന്നാം ഭാഗത്തിൽ സണ്ണി ഡിയോളിന് പരിമിതമായ സ്ക്രീൻ ടൈമേ ഉണ്ടാകൂ. രണ്ടാം ഭാഗത്തിൽ നടന് കൂടുതൽ സ്ക്രീൻ ടൈം ലഭിക്കുമെന്നാണ് റിപ്പോർട്ട്. വാൽമീകി രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിക്കുന്നത്. രാവണന്റെ പിടിയിൽ നിന്ന് സീതയെ രക്ഷിക്കാൻ ശ്രീരാമനെയും ലക്ഷ്മണനെയും സഹായിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഹനുമാന്റെ വരവോടെയാണ് ആദ്യ ഭാഗം അവസാനിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതിനാൽ സിനിമയുടെ അവസാനത്തിൽ ഏകദേശം 15 മിനിറ്റേ സണ്ണി ഡിയോളിന്‍റെ കഥാപാത്രം ഉണ്ടാകൂ.
രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ മൊത്തം ബജറ്റ് 4000 കോടി രൂപയാണെന്ന് നിർമാതാവ് നമിത് മൽഹോത്ര സ്ഥിരീകരിച്ചു. ഈ കണക്ക് രാമയണയെ ആഗോളതലത്തിൽ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
രാമായണയിൽ ലക്ഷ്മണനായി രവി ദുബെ, കൈകേയിയായി ലാറ ദത്ത, മണ്ഡോദരിയായി കാജൾ അഗർവാൾ എന്നിവരുൾപ്പെടെ ഒരു മികച്ച താരനിര അണിനിരക്കുന്നുണ്ട്. ഗംഭീര താരനിര, ലോകോത്തര വി.എഫ്.എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്.