

കൗമാരക്കാരായ മൂന്നു പുതുമുഖങ്ങളെയും, തമിഴിലെ ശ്രദ്ധേയ നടൻ സൗന്ദർ രാജയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ടീ. ജയവേൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'റാം അബ്ദുള്ള ആൻ്റണി'. ഈ ചിത്രം ' കാക്ക മുട്ട ', ' റേനിഗുണ്ട ' എന്നീ സിനിമകൾക്ക് ശേഷം ട്രെൻഡ് സെറ്ററാവും എന്നാണ് നിരീക്ഷകർ പറയുന്നത്.
റാം, അബ്ദുള്ള, ആൻ്റണി എന്നീ സ്കൂൾ വിദ്യാർത്ഥികൾ ആസൂത്രിതമായി തെളിയിക്കാനാവാത്ത വിധം ഒരു കൊലപാതകം നടത്തുന്നു. ഇതു ഡിപ്പാർട്ട്മെൻ്റിനും സർക്കാരിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ കൊലപാതക കേസിൻ്റെ അന്വേഷണ സംഘത്തിലെ അംഗമാണ് പോലീസ് കോൺസ്റ്റബിൾ ഗരുഡൻ. കൊലപാതകികളായ മൂന്നു പേരിലേക്കും ഗരുഡൻ എത്തുന്നതോടെ കഥയുടെ ഗതി മാറുകയാണ്.
എന്താണീ കൊലപാതത്തിന് പ്രേരണ? എങ്ങനെയാണ് അതിവിദഗ്ദ്ധമായി മൂവരും കൊല നടത്തിയത്? കൊല തെളിയിക്കപ്പെടാതിരിക്കാൻ അവർ സ്വീകരിച്ച രീതി എന്ത്? ഇത്യാദി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ആദ്യന്തം സസ്പെൻസ് നിറഞ്ഞ ' റാം അബ്ദുള്ള ആൻ്റണി ' യിലൂടെ.
ഉള്ളടക്കം കൊണ്ടു പുതുമ തോന്നിപ്പിക്കുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രഗത്ഭ സംവിധായകരായ എസ്. ഏ.ചന്ദ്രശേഖർ , അഗത്തിയൻ, പേരരസു, പൊൻ റാം, എസ് . ആർ. പ്രഭാകരൻ എന്നിവർ ഈ സിനിമയുടെ മേക്കിങ് രീതി കാണുമ്പോൾ തന്നെ ഇതൊരു ട്രെൻഡ് സെറ്ററാവും എന്ന് പ്രവചിക്കയുണ്ടായി എന്നത് ശ്രദ്ധേയമാണ്.
ആൻ്റണിയായി മിനിസ്ക്രീനിലൂടെ തരംഗമായ പൂവൈയാർ, അബ്ദുള്ളയായി അർജുൻ, റാമായി അജയ് ആർനോൾഡ് എന്നിവർ അഭിനയിക്കുന്നു. സൗന്ദർ രാജയാണ് കോൺസ്റ്റബിൾ ഗരുഡൻ എന്ന മർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അന്നൈ വേളാങ്കണ്ണി സ്റ്റുഡിയോസിൻ്റെ ബാനറിൽ ക്ലമൻ്റ് സുരേഷ് നിർമ്മിച്ച ' റാം അബ്ദുള്ള ആൻ്റണി ' ഒക്ടോബർ 31 ന് റിലീസ് ചെയ്യും. സായ് ദീന ,' തലവാസൽ ' വിജയ്, വേലാ രാമമൂർത്തി, കിച്ചാ രവി, ചാമ്സ്, വിനോദിനി വൈദ്യനാഥൻ, ബിഗ് ബോസ് ആർണവ്, രാജ് മോഹൻ, വനിതാ വിജയകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏ. ആർ. റഹ്മാൻ സംഗീത കുടുംബത്തിലെ അംഗമായ ടീ. ആർ. കൃഷ്ണ ചേതൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എൽ.കേ.വിജയ് യാണ് ഛായഗ്രാഹകൻ