
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ പുതിയ ഗാനം പുറത്ത്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കിടിലം പെർഫോമൻസ് പ്രതീക്ഷിക്കാവുന്ന ഐറ്റമായിരിക്കും ‘കൂലി’ എന്ന സൂചനയാണ് ‘പവർഹൗസ്’ ഗാനം നൽകുന്നത്. രജനികാന്തിനൊപ്പം അനിരുദ്ധും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അനിരുദ്ധാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അറിവിന്റേതാണ് വരികൾ. അനിരുദ്ധും അറിവും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. കൂലിയിലെ മൂന്നാമത്തെ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ ‘ചികിട്ടു’ എന്ന ഗാനവും ‘മോണിക്ക’ എന്ന ഗാനവും വൻ വിജയമായിരുന്നു.
350 കോടി ബജറ്റിൽ സൺ പിക്ചേഴ്സ് നിർമിച്ച രജനികാന്ത് ചിത്രം ‘കൂലി’ ഈ വർഷം ഏറ്റവുമധികം പ്രതീക്ഷ അർപ്പിക്കുന്ന ഇന്ത്യൻ സിനിമകളിലൊന്നാണ്. രജനികാന്ത്, ആമിർഖാൻ, നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും. എച്ച്.എം അസോസിയേറ്റ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.