
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ ബോക്സ് ഓഫീസിൽ വൻ വിജയകുതിപ്പാണ് നടത്തുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും, സിനിമ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. റിലീസായി നാല് ദിവസംപിന്നിട്ടപ്പോൾ 400 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
‘കൂലി’യുടെ ഒടിടി സ്ട്രീമിങ് അവകാശം ഇതിനകം വിറ്റുപോയിട്ടുണ്ടെന്നാണ് വിവരം. 120 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. ഒക്ടോബറോടെ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കൂലി’യിൽ നാഗാർജുന, ഉപേന്ദ്ര, ആമിർ ഖാൻ, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് കൈകാര്യം ചെയ്തത് ഫിലോമിൻ രാജ് ആണ്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.
ലോകേഷിന്റെ സിനിമാറ്റിക് യുണിവേഴ്‌സിലെ (എൽസിയു) മറ്റ് ചിത്രങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഈ ചിത്രം അത്ര മികച്ചതല്ലെന്ന് പൊതുവെ വിമർശനം ഉയർന്നുണ്ട്. എങ്കിലും, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായ മൂന്നാം സിനിമയിലും 400 കോടി കളക്ഷൻ നേടാനായിട്ടുണ്ട്.