

സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ 75 ആം പിറന്നാൾ ദിനത്തിൽ തന്‍റെ പുതിയ ചിത്രമായ ജയിലർ 2ന്‍റെ ചിത്രീകരണത്തിലാണ് താരം. ജയിലർ 2ന്റെ സെറ്റിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന രജനീകാന്തിന്‍റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിന്‍റെ നിർമാതാക്കളായ സൺ പിച്ചേഴ്സാണ് താരത്തിന്‍റെ പിറന്നാൾ ആഘോഷിത്തിന്‍റെ വിഡിയോ പങ്കിട്ടത്. സൂപ്പർസ്റ്റാറിനൊപ്പം സംവിധായകൻ നെൽസൺ, ഛായാഗ്രാഹകൻ വിജയ് കാർത്തിക് കണ്ണൻ എന്നിവരും ചേർന്നാണ് കേക്ക് മുറിച്ചത്.
170 ലധികം ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്‍റെ സ്ഥാനം അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു. ദളപതി, അണ്ണാമലൈ, ബാഷ, മനിതന്‍, അരുണാചലം, മുത്തു, പടയപ്പ, ചന്ദ്രമുഖി, ശിവാജി, യെന്തിരന്‍, കാലാ, കബാലി, കൂലി തുടങ്ങി ആരാധകര്‍ ആഘോഷമാക്കിയ സിനിമകൾ നിരവധിയാണ്. കരിയറിന്‍റെ അമ്പതാം വർഷത്തിലെത്തിയ താരം അഭിനയം നിർത്തുന്നു എന്ന റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. കമൽഹാസനൊപ്പം അഭിനയിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം രജനീകാന്തിന്റെ വിടവാങ്ങൽ ചിത്രമായിരിക്കുമെന്നാണ് വിവരം. 2028ൽ മാത്രമേ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകൂ.
2023-ൽ പുറത്തിറങ്ങിയ ജയിലറിന്‍റെ രണ്ടാം ഭാഗമാണ് ജയിലർ 2. ചിത്രത്തിൽ 'ടൈഗർ' മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ രജനീകാന്ത് വീണ്ടും അവതരിപ്പിക്കും. രമ്യ കൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ട്. ജയിലറിൽ അതിഥി വേഷങ്ങളിൽ എത്തിയ മോഹൻലാൽ, ശിവരാജ്കുമാർ തുടങ്ങിയവരും തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണ, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട്, വിനായകൻ, മിഥുൻ ചക്രവർത്തി തുടങ്ങിയവരും രണ്ടാം ഭാഗത്തിന്റെ ഭാഗമാകുമെന്ന് വിവരമുണ്ട്.
'ജയിലർ 2', 2026 ജൂണിൽ റിലീസ് ചെയ്യുമെന്ന് രജനീകാന്ത് സ്ഥിരീകരിച്ചതായും റിപ്പോർട്ട് ഉണ്ട്. കേരളത്തിലെ ഷൂട്ടിങ് ഷെഡ്യൂൾ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ചെന്നൈ വിമാനത്താവളത്തിൽ വെച്ച് സംസാരിച്ചപ്പോഴാണ് രജനീകാന്ത് ചിത്രത്തിന്‍റെ റിലീസ് തീയതി വെളിപ്പെടുത്തിയത്. 2025 ഡിസംബറിലോ 2026 ജനുവരിയിലോ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.