
രജനീകാന്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രം 'കൂലി'യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 14 നാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചിത്രം ബോക്സ് ഓഫിസിൽ വിജയമായിരുന്നു. സെപ്റ്റംബർ 11 മുതൽ കൂലി സ്ട്രീമിങ്ങിനായി ലഭ്യമാകുമെന്ന് ആമസോൺ പ്രൈം വിഡിയോ അറിയിച്ചു.
ലോകേഷ് കനകരാജുമായി രജനീകാന്ത് ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ട്രേഡ് ട്രാക്കിങ് വെബ്‌സൈറ്റുകൾ പ്രകാരം, വെറും രണ്ടാഴ്ചക്കുള്ളിൽ, കൂലി ആഗോള ബോക്‌സ് ഓഫിസിൽ 468 കോടി രൂപ നേടി. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെ കൂലി ശ്രദ്ധ നേടിയിരുന്നു.