
കൂലി സിനിമയിലെ സൗബിൻ ഷാഹിറിന്റെ അഭിനയത്തെ പ്രശംസിച്ച് രജനികാന്ത്. സൗബിന്റെ കാര്യത്തില്‍ ആദ്യം തനിക്ക് ആത്മവിശ്വാസമില്ലായിരുന്നുവെന്നും എന്നാല്‍, പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞെട്ടിപ്പോയെന്നും രജനികാന്ത് പറഞ്ഞു. ‘കൂലി’ പ്രി-റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു രജനികാന്ത്.
‘‘വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇതാര് ചെയ്യണം എന്ന് എന്റെ മനസ്സിലും ലോകേഷിന്റെ മനസിലുമുണ്ടായിരുന്നു. എന്റെ അവസാന പടത്തിലും അവരുടെ പടത്തിലും അഭിനയിച്ചിട്ടുണ്ട്, ഫഹദ് ഫാസില്‍. പക്ഷേ അദ്ദേഹം ഇപ്പോള്‍ വളരെയധികം തിരക്കിലാണ്. പിന്നെ ആര് ചെയ്യുമെന്ന് ആലോചിച്ചു. കുറച്ച് സമയം തരണം എന്നു പറഞ്ഞ് ലോകേഷ് പോയി. പിന്നെ ഇവരെയും കൂട്ടി വന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സി’ല്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നോക്കിയപ്പോള്‍ കഷണ്ടിയൊക്കെയുണ്ട്. ഇവരെങ്ങനെ ഈ കഥാപാത്രമാകുമെന്ന് ലോകേഷിനോടു ചോദിച്ചപ്പോള്‍, ‘നോക്കിക്കോ സര്‍ ഗംഭീര ആര്‍ട്ടിസ്റ്റാണ്. എനിക്ക് കുറച്ച് സമയം തരൂ. 100 ശതമാനം നല്ലതായിരിക്കുമെന്ന്’ പറഞ്ഞു. എനിക്ക് തീരേ വിശ്വാസമില്ലായിരുന്നു. അവര്‍ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതിനാല്‍ ഞാന്‍ എതിര്‍ത്തില്ല.
അങ്ങനെ സിനിമ തുടങ്ങി, വിശാഖ പട്ടണത്തെ ഷൂട്ടിങ് വന്നപ്പോള്‍ എനിക്കു രണ്ട് ദിവസം ഷൂട്ട് ഇല്ലായിരുന്നു. ആ രണ്ട് ദിവസം സൗബിന്റെ ഷൂട്ടായിരുന്നു. മൂന്നാമത്തെ ദിവസം ലോകേഷ് വന്നപ്പോള്‍ ഒരു ലാപ്പ്‌ടോപ്പും കയ്യിൽ ഉണ്ടായിരുന്നു. സൗബിന്‍ അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ എനിക്കു കാണിച്ചു തന്നു. ഞാന്‍ ആടിപ്പോയി. എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്‌സ് ഓഫ് ടു യൂ.’’– രജനികാന്തിന്റെ വാക്കുകൾ.
ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കൂലി’. അനിരുദ്ധ് ആണ് സംഗീത സംവിധാനം. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം രജനികാന്തും സത്യരാജും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ‘കൂലി’ക്കുണ്ട്. ചിത്രം ആഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.