

രജനികാന്തിനെ നായകനാക്കി കമലഹാസൻ ഒരുക്കുന്ന ചിത്രമാണ് 'തലൈവർ 173'. സിനിമ സംവിധാനം ചെയ്യുന്നതിൽ നിന്ന് സുന്ദർ സി പിന്മാറിയത് വൻ വിവാദത്തിനിടയാക്കിയിരുന്നു. എന്നാൽ, സുന്ദർ പിന്മാറാൻ കാരണം രജനികാന്ത് ആണെന്നാണ് വിവരം. വിഷയത്തിൽ കമൽ ഹാസൻ്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 46 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒരുമിക്കുന്ന സിനിമയാണ് തലൈവർ 173. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കമൽ ഹാസനാണ് സിനിമ നിർമ്മിക്കുന്നത്.
സിനിമ സംവിധാനം ചെയ്യുക സുന്ദർ സി ആണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രവചനാതീതവും ഒഴിവാക്കാൻ കഴിയാത്തതുമായ സാഹചര്യങ്ങൾ കാരണം താൻ പിന്മാറുകയാണെന്ന് അദ്ദേഹം അറിയിച്ചത്. സുന്ദർ സി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തനിക്ക് അതേപ്പറ്റി സംസാരിക്കാനൊന്നുമില്ലെന്നും കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
"ഒരു നിർമ്മാതാവെന്ന നിലയിൽ രജനികാന്തിന് ഇഷ്ടപ്പെടുന്ന കഥ കണ്ടെത്തേണ്ടത് തൻ്റെ ജോലിയാണ്. അദ്ദേഹം തിരക്കഥയിൽ തൃപ്തനാവുന്നത് വരെ അന്വേഷണം തുടരും. മികച്ച ഒരു തിരക്കഥ അന്തിമമാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. സിനിമയ്ക്കായി ഒരു യുവസംവിധായകനെ പരിഗണിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായ ഒരു തിരക്കഥ സിനിമയ്ക്കായി പ്രതീക്ഷിക്കാം." - കമൽ ഹാസൻ പറഞ്ഞു.
രജനികാന്തും കമൽ ഹാസനും ഒരുമിക്കുന്ന സിനിമയുടെ പ്രഖ്യാപനം ആരാധകർ വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. എന്നാൽ, സുന്ദർ സി പിന്മാറിയതോടെ സിനിമ റദ്ദാക്കപ്പെടുമോ എന്ന ആശങ്കയും ഉണ്ടായി. സിനിമ റദ്ദാക്കില്ലെന്നും മറ്റൊരു സംവിധായകനെ വച്ച് സിനിമ പൂർത്തിയാക്കുമെന്നും കമൽ ഹാസൻ തന്നെ അറിയിച്ചതോടെ ഈ ആശങ്കയും ഒഴിഞ്ഞു.