56-മത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേള അവസാനിച്ചു; രജനികാന്തിനെ ആദരിച്ചു | IFFI

അവസാന ദിനമായ വെള്ളിയാഴ്ച ജാപ്പനീസ് സംവിധായകൻ കെയ് ഇഷികാവയുടെ രണ്ടാമത്തെ ചിത്രമായ 'എ പെയ്ൽ വ്യൂ ഓഫ് ഹിൽസ്' പ്രദര്‍ശിപ്പിച്ചു.
Rajanikanth
Updated on

സൂപ്പർ താരം രജനികാന്തിന്‍റെ സാന്നിധ്യത്തിൽ നടന്ന സമാപനച്ചടങ്ങുകളോടെ 56-മത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേള അവസാനിച്ചു. സിനിമയിൽ 50 വർഷം പിന്നിട്ട രജനികാന്തിനെ വേദിയിൽ ആദരിച്ചു. മകൾ ഐശ്വര്യക്കൊപ്പമാണു താരം എത്തിയത്.

"എ യൂസ്ഫുൾ ഗോസ്റ്റ്' എന്ന തായ്‌ലൻഡ് ചിത്രത്തോടെ ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്‌ട്ര സെക്ഷന് പര്യവസാനം കുറിച്ചിരുന്നു. തായ്‌ലഡിന്‍റെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രീ വിജയം നേടിയ ചിത്രവുമാണ് 'എ യൂസ്ഫുൾ ഗോസ്റ്റ്'.

തായ്‌ലൻഡ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരായ സംവിധായകൻ രാത്ചപൂം ബൂൺബഞ്ചാചോക്ക്, സഹ നിർമാതാവ് (അസോസിയേറ്റ് പ്രൊഡ്യൂസർ) തനാദെ അമോൺപിയലെർക്ക്, നടൻ വിസരുത് ഹോംഹുവാൻ, ഛായാഗ്രാഹകൻ സോങ് പാസിത് എന്നിവർ ഇന്നലെ ചിത്രത്തെക്കുറിച്ചു വിശദീകരിക്കാൻ പത്രസമ്മേളന വേദിയിലെത്തി.

"ഇത്രയും ഭ്രാന്തൻ ആശയമുള്ള ഒരു സിനിമ ഇത്രയും ദൂരം സഞ്ചരിച്ച് ഇത്രയധികം ആളുകളിലേക്ക് എത്തുമെന്ന് ആരാണ് കരുതിയിട്ടുണ്ടാവുക" എന്നു സംവിധായകൻ രാത്ചപൂം ചോദിച്ചു.

"മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു പ്രേതത്തിന്‍റെ കൂടുതൽ പരമ്പരാഗതമായ ചിത്രീകരണത്തോടെയാണ് ചിത്രം ആരംഭിച്ചത്. എന്നാൽ ആ ആശയം പരിചിതവും, നൂതനാവിഷ്‌കാരമില്ലാത്തതുമായി തോന്നി. അപ്പോഴാണ് ഒരു വാക്വം ക്ലീനറായി പുനർജനിച്ച പ്രേതമെന്ന അപ്രതീക്ഷിതമായൊരു ആശയത്തെ സ്വീകരിച്ചത്. ഈ വിചിത്രമായ തെരഞ്ഞെടുപ്പ് ആഴത്തിൽ പ്രതീകാത്മകമായിരുന്നു." -അദ്ദേഹം വിശദീകരിച്ചു.

"തായ്‌ലഡിലെ ഒരു യഥാർത്ഥ പ്രശ്‌നമായ പൊടി മലിനീകരണം, സിനിമയിലെ മുഖ്യകഥാപാത്രത്തിന്‍റെ ജീവനെടുക്കുന്നു, വാക്വം ക്ലീനർ അവളുടെ മരണകാരണത്തോടുള്ള കാവ്യാത്മക പ്രതികരണമായി മാറുന്നു." - സംവിധായകൻ പറഞ്ഞു.

ചിത്രത്തിന്‍റെ ദൃശ്യഭാഷയെ കാര്യഗൗരവത്തിനും വിവേകശൂന്യതയ്ക്കും ഇടയിലുള്ള ഒരു മനഃപൂർവ്വമായ നൃത്തം എന്നാണ് ഛായാഗ്രാഹകൻ സോങ് പാസിത് വിശേഷിപ്പിച്ചത്.

അവസാന ദിനമായ വെള്ളിയാഴ്ച ജാപ്പനീസ് സംവിധായകൻ കെയ് ഇഷികാവയുടെ രണ്ടാമത്തെ ചിത്രമായ 'എ പെയ്ൽ വ്യൂ ഓഫ് ഹിൽസ്' പ്രദര്‍ശിപ്പിച്ചു. ഐഎഫ്എഫ്ഐ ആരാധകർക്ക് സമകാലിക ജാപ്പനീസ് സിനിമയുടെ സമഗ്ര ചിത്രം നൽകുന്നതിനായി പ്രത്യേകം അവതരിപ്പിച്ച 'കൺട്രി ഫോക്കസ്: ജപ്പാൻ' വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com