46 വർഷത്തിനുശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്നു; സ്ഥിരീകരിച്ച് നടന്റെ പ്രതികരണം | SIIMA Award

"വളരെ വർഷത്തിന് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കാൻ പോകുകയാണ്, വലിയ സംഭവം ആണോ എന്നൊന്നും പറയാനാവില്ല, പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ ഞങ്ങൾ സന്തുഷ്ടരാണ്"
Lokesh
Published on

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തിയ കമൽ ഹാസൻ നായകനായി തിളങ്ങി നിൽക്കുന്ന സമയത്താണ് രജനികാന്ത് സിനിമയിലേക്കെത്തുന്നത്. 1979 ൽ പുറത്തിറങ്ങിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. ഇരുവരെയും ഒരു ഫ്രെയിമിൽ വീണ്ടും കാണാൻ ആരാധകർക്കും ആഗ്രഹമുണ്ട്. ഇപ്പോൾ ലോകേഷ് കനകരാജ് അതിന് അവസരമുണ്ടാക്കുകയാണ്.

മുൻപ് പുറത്തുവന്ന വാർത്തകൾ ശരിവച്ച് കമൽ ഹാസനും പ്രതികരിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് അഭിനയിക്കുമെന്ന് കമൽ പറഞ്ഞു. SIIMA അവാർഡ് ദാന ചടങ്ങിലാണ് നടന്റെ പ്രതികരണം. 'ഇരുവരും ഒന്നിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമോ?' എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി ആയാണ് കമൽ ഇക്കാര്യം പറഞ്ഞത്.

"വളരെ വർഷത്തിന് ശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കാൻ പോകുകയാണ്. വാണിജ്യ പരമായി ഇതൊരു അത്ഭുതമായിരിക്കാം. വലിയ സംഭവം ആണോ എന്നൊന്നും പറയാൻ ആവില്ല. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ ഞങ്ങൾ സന്തുഷ്ടരാണ്. എനിക്ക് ഇത് മറ്റൊരു അവസരമാണ്. ഞങ്ങൾ പരസ്പരം മത്സരിക്കുമെന്ന് നിങ്ങൾ കരുതിയേക്കാം, പക്ഷേ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ഒരു അവസരമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. അതല്ലാതെ, മറ്റൊന്നില്ല. ഇത്തവണ ഞങ്ങൾ ഒന്നിക്കും. പരസ്പരം സിനിമകൾ നിർമ്മിക്കാൻ ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നു." - കമൽ ഹാസൻ പറഞ്ഞു.

രജനികാന്തിനൊപ്പവും കമൽ ഹാസനൊപ്പവും സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി കൂലിയും കമൽ ഹാസനെ നായകനാക്കി വിക്രം എന്ന സിനിമയുമാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com