ഹൈദരാബാദ്: സംവിധായകന്‍ എസ്.എസ്. രാജമൗലിക്കെതിരെ പോലീസില്‍ പരാതിയുമായി രാഷ്ട്രീയ വാനരസേന. തെലങ്കാന രംഗറെഡ്ഡിയിലെ സരൂര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. മഹേഷ് ബാബു നായകനും പ്രിയങ്കാ ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലുമെത്തുന്ന 'വാരാണസി'യുടെ ടൈറ്റില്‍ ലോഞ്ചിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി. (Rajamouli)
ഹിന്ദു ദൈവമായ ഹനുമാനെക്കുറിച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നും ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി. സിനിമാ മേഖലയില്‍ വര്‍ധിച്ചുവരുന്ന ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണതയുടെ ഭാഗമാണ് രാജമൗലിയുടെ പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണം. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടിയുണ്ടാവണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പരാതിയിന്മേല്‍ സരൂര്‍നഗര്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. തിങ്കളാഴ്ച വൈകീട്ടോടെയാണ് പരാതി ലഭിച്ചത്. ശനിയാഴ്ച ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന 'ഗ്ലോബ്‌ട്രോട്ടര്‍ ഇവന്റി'ലാണ് രാജമൗലി പരാതിക്കാധാരമായ പരാമര്‍ശം നടത്തിയത്. തമാശരൂപേണയുള്ള പരാമര്‍ശത്തിന്റെ പേരില്‍ സംവിധായകനെതിരെ സാമൂഹികമാധ്യമങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നിരുന്നു. 'ഞാന്‍ ഭഗവാന്‍ ഹനുമാനില്‍ വിശ്വസിക്കുന്നില്ല' എന്ന സംവിധായകന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതിയെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.