
പാലക്കാട്: ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായർ. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുൽ നിരപരാധി ആണെന്നാണ് സീമ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സീമയുടെ പ്രതികരണം. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട് ആരെയും ധിക്കരിച്ചു എന്ന് പറയാൻ ആകില്ലെന്നും സ്വതന്ത്രൻ ആയതുകൊണ്ട് തന്നെ സ്വന്തമായി തീരുമാനമെടുക്കാമെന്നും സീമ കൂട്ടിച്ചേർത്തു.
സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു... ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ? രാഹുലിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങൾ നിരപരാധി ആണ് ..(ഇപ്പോൾ നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട്, പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട്, ആരെയും ധിക്കരിച്ചു എന്ന് പറയാൻ ആകില്ല ..സ്വതന്ത്രൻ ആയതുകൊണ്ട് സ്വന്തമായി തീരുമാനമെടുക്കാം).
അതേസമയം, കഴിഞ്ഞ ദിവസം രാഹുലിനെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിൽ വിശദീകരണവുമായി നടി സീമ രംഗത്ത് എത്തിയിരുന്നു. "പ്രതിസന്ധി ഘട്ടത്തിൽ തളർത്താൻ ആൾക്കാർ ഉണ്ടാകും ആ സമയങ്ങളിൽ തളർന്നുപോയാൽ ചവിട്ടി അരക്കാനായി അനേകം കാലുകൾ പൊങ്ങിവരും" എന്നാണ് സീമ ഫേസ്ബുക്കിൽ കുറിച്ചത്.
ഒരുപാട് പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചവളാണ് താനും. അന്നൊക്കെ തളർന്നിരുന്നുവെങ്കിൽ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ലായിരുന്നുവെന്നും സീമ പറയുന്നു. രാഹുലിനുവേണ്ടി പിആർ ചെയ്യുന്നുവെന്ന ആരോപണത്തിനും സീമ മറുപടി നൽകി, പിആർ ചെയ്ത് പൈസ വാങ്ങിക്കാനായി മാത്രം ശമ്പളം കൊടുത്തു ഒരാളെ നിർത്തിയിട്ടുണ്ടെന്നും പിആർ വർക്ക് ചെയ്യുന്നതായിരിക്കുമെന്നും നടി മറുപടിയായി പറയുന്നു.