അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യ കിരീടത്തിന് വെറും 6 റൺസിന് പഞ്ചാബ് പൊരുതി തോറ്റപ്പോൾ ബെംഗളൂരു ആരാധകരെപ്പോലും വേദനിപ്പിച്ച ഒരു ദൃശ്യമുണ്ട്. ഗാലറിയിലും മൈതാനത്തും നിറകണ്ണുകളുമായി നിന്ന പഞ്ചാബിന്റെ ‘നായിക’ പ്രീതി സിന്റ. 18 വർഷമായി ടീമിന്റെ നെടുംതൂണായ സൂപ്പർ താരം വിരാട് കോലിക്കു കിരീടം എന്നതായിരുന്നു ഇത്തവണ ബെംഗളൂരുവിന്റെ സ്വപ്നമെങ്കിൽ അതേ കിരീടം ടീമിന്റെ മെന്ററിങ് ഫോഴ്സായ പ്രീതി സിന്റയ്ക്കു സമ്മാനിക്കാൻ പഞ്ചാബും ആഗ്രഹിച്ചിരുന്നു. ആ കാത്തിരിപ്പ് തുടരുമെങ്കിലും ആരാധകഹൃദയങ്ങൾ കീഴടക്കാൻ പ്രീതിക്കും പഞ്ചാബിനും കഴിഞ്ഞിട്ടുണ്ട്.
2008ലെ തുടക്കം മുതൽ പ്രീതി സിന്റ പഞ്ചാബിനൊപ്പമുണ്ട്. വിജയങ്ങളിൽ ആർപ്പുവിളിച്ചും തോൽവികളിൽ ആശ്വസിപ്പിച്ചും ടീമിന്റെ ഒപ്പം നടക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. കോർപറേറ്റ് ബോക്സിലിരുന്ന് കളി കാണുകയും തോൽവിയോട് അടുക്കുമ്പോൾ മടങ്ങുകയും ചെയ്യുന്ന ടീം ഉടമകളെ കണ്ടുപരിചയിച്ച ഗാലറികൾക്ക് ഒരദ്ഭുതമായിരുന്നു എന്നും പ്രീതി. പരിശീലകൻ റിക്കി പോണ്ടിങ് മുതൽ ഇരുപതുകാരനായ ആഭ്യന്തര താരം മുഷീർ ഖാൻ വരെയുള്ള ടീം അംഗങ്ങളുമായി പ്രീതിക്കുള്ള ബന്ധമാണ് ടീമിന്റെ കുതിപ്പിനു മാനസിക പിൻബലമായത്.
മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ ടീമിന്റെ വിജയശിൽപിയായ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ മത്സരശേഷം മൈതാനത്തെത്തി ആശ്ലേഷിക്കുന്ന ദൃശ്യങ്ങൾ ടീം അംഗങ്ങളുമായി പ്രീതിക്കുള്ള ആത്മബന്ധത്തിന്റെ തെളിവായി. 2008ൽ പഞ്ചാബ് ടീമിന്റെ സഹ ഉടമസ്ഥാവകാശത്തിനായി 35 കോടി രൂപയാണ് പ്രീതി മുതൽ മുടക്കിയത്. കോടികളുടെ ബിസിനസിലേക്ക് ഇറങ്ങും മുൻപ് ഹാർവഡ് ബിസിനസ് സ്കൂളിൽനിന്നു ക്രാഷ് കോഴ്സ് ചെയ്ത പ്രീതി ഈ ബിസിനസിനെപ്പറ്റി പഠിക്കാവുന്നതെല്ലാം മനസ്സിലാക്കി. ‘ഐപിഎൽ എനിക്ക് ആവേശമായി മാറാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ ബിസിനസ് വശങ്ങളെല്ലാം ഞാൻ മനസ്സിലാക്കി എന്നതാണ്’– ഒരു അഭിമുഖത്തിൽ പ്രീതി സിന്റ പറഞ്ഞു.