

പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു (37) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ ഉണ്ടായ അപകടത്തിലാണ് ഗായകന്‍റെ ദാരുണാന്ത്യം. മൻസ-പട്യാല റോഡിൽ ഖ്യാല ഗ്രാമത്തിൽ വെച്ച് ഹർമന്‍റെ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഹർമൻ തന്റെ ഗ്രാമത്തിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. വാഹനം പൂർണമായും തകർന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം. പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വൈകിയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം നടക്കുകയാണ്.
ഹർമൻ സിദ്ധുവിന്റെ പെട്ടെന്നുള്ള മരണം ആരാധകരെയും സംഗീത ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 'പേപ്പർ യാ പ്യാർ' എന്ന ഗാനത്തിലൂടെയാണ് ഹർമൻ പ്രശസ്തിയിലേക്ക് എത്തിയത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും അദ്ദേഹത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. ഹർമൻ സിദ്ധു മ്യൂസിക് എന്ന പേരിൽ 13.1K സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്. പഞ്ചാബി സംഗീത രംഗത്ത് വർഷങ്ങളായി ഹർമാൻ സിദ്ധു സജീവമായിരുന്നു. തന്റെ അതുല്യമായ ശബ്ദം കൊണ്ട് അദ്ദേഹം നിരവധി ആരാധകരെ നേടിയെടുത്തിരുന്നു.