ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാതാവും എ.വി.എം. പ്രൊഡക്ഷൻസിന്റെ ഉടമയുമായ എ.വി.എം. ശരവണൻ എന്ന ശരവണൻ സൂര്യമണി അന്തരിച്ചു. 86-ാം ജന്മദിനത്തിന് തൊട്ടടുത്ത ദിവസമാണ് ചെന്നൈയിൽ വെച്ച് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.(Prominent Tamil film producer AVM Saravanan passes away)
എ.വി.എം. സ്റ്റുഡിയോസിന്റെയും എ.വി.എം. പ്രൊഡക്ഷൻസിന്റെയും ഉടമയായിരുന്നു അദ്ദേഹം. സംവിധായകനും നിർമ്മാതാവുമായ അച്ഛൻ എ.വി. മെയ്യപ്പൻ 1945-ലാണ് പ്രശസ്തമായ എ.വി.എം. സ്റ്റുഡിയോസ് സ്ഥാപിച്ചത്. മകൻ എം.എസ്. ഗുഹനും ചലച്ചിത്ര നിർമ്മാതാവാണ്.
എം.ജി.ആർ., ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളുടെ നിരവധി ചിത്രങ്ങൾ എ.വി.എം. ശരവണൻ നിർമ്മിച്ചിട്ടുണ്ട്. ശിവാജി ദി ബോസ്, വേട്ടൈക്കാരൻ, മിൻസാര കനവ്, ലീഡർ, അയൻ, നാനും ഒരു പെൺ, സംസാരം അത് മിൻസാരം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങി.
നാനും ഒരു പെൺ, സംസാരം അത് മിൻസാരം എന്നീ ചിത്രങ്ങൾക്ക് ഫിലിംഫെയർ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1986-ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. പൊതുദർശനത്തിനായി ഭൗതിക ശരീരം വടപളനി എ.വി.എം. സ്റ്റുഡിയോയിൽ എത്തിക്കും.