കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സിനിമാ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽനിന്ന് ശക്തമായ പ്രതികരണങ്ങൾ. അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തി. വിധി നിരാശാജനകമാണെന്നും, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും വിമർശനം ഉയർന്നു.(Prominent figures speak out for and against Dileep following court verdict)
റിമ കല്ലിങ്കൽ പറഞ്ഞത് അതിജീവിത നീതി നിഷേധത്തിന്റെ ഷോക്കിലാണ്, അവൾക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ്. "ഇതെന്ത് നീതി? ഇനി ശ്രദ്ധാപൂർവം തയ്യാറാക്കിയ ക്രൂരമായ ഒരു തിരക്കഥ ചുരുളഴിയുന്നത് കാണാം," എന്ന് പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വിധി നേരത്തെ എഴുതിവച്ച തിരക്കഥയാണെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും, ദിലീപ് ജയിലിൽ കിടന്നതു തന്നെ വലിയ കാര്യമാണെന്നും കെ. അജിത അഭിപ്രായപ്പെട്ടു.
കോടതി വിധിയിൽ സംസ്ഥാന സർക്കാർ തൃപ്തരല്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. ദിലീപിനെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും പി രാജീവ് അറിയിച്ചു. സംസ്ഥാന സർക്കാർ എന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ് എന്നും, മുഖ്യമന്ത്രി അപ്പീൽ പോകുന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാടെടുക്കുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
ദിലീപിന് അനുകൂലമായ വിധി വന്നതിന് പിന്നാലെ സിനിമാ സംഘടനകളിൽ ചർച്ചകൾ സജീവമായി. പ്രസിഡന്റ് ശ്വേത മേനോൻ അടക്കമുള്ളവർ പങ്കെടുത്ത 'അമ്മ'യുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ നടക്കുകയാണ്. വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ യോഗം ചർച്ച ചെയ്യും. ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകളും തുടങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകമാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. കോടതി കുറ്റവിമുക്തനാക്കിയതിനാൽ തിരികെ സംഘടനയിലേക്ക് വരാൻ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.