
കൊച്ചി: വിവാദങ്ങൾക്കൊടുവിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്. ബി.രാകേഷും സജി നന്ത്യാട്ടുമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സാന്ദ്ര തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നുണ്ട്. രാവിലെ 10.30ന് ജനറൽ ബോഡി യോഗത്തിനുശേഷം വോട്ടിങ് ആരംഭിച്ചു. വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും.
വലിയ വിവാദങ്ങൾക്കും നാടകീയ സംഭവങ്ങൾക്കും ശേഷമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. സംഘടനയിലെ മുൻ ഭാരവാഹികൾക്കെതിരെ ലൈംഗികാധിക്ഷേപ പരാതികൾ അടക്കം ഉന്നയിച്ച നിർമ്മാതാവ് സാന്ദ്ര തോമസ് മത്സരിക്കാൻ ഒരുങ്ങിയതോടെയാണ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് തുടക്കമായത്.
മത്സരിക്കാൻ ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ ഹാജരായിക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സംഘടന സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു. സൂക്ഷ്മ പരിശോധനക്കിടെ സാന്ദ്ര ഇത് ചോദ്യം ചെയ്തതോടെ സംഭവം വലിയ ബഹളത്തിലും തർക്കത്തിലും കലാശിച്ചു. തുടർന്ന് സാന്ദ്ര കോടതിയെ സമീപിച്ചതോടെ തെരഞ്ഞെടുപ്പ് 14ന് തന്നെ നടക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലായി. എന്നാൽ, ഇന്നലെ സാന്ദ്രയുടെ മൂന്ന് ഹർജികളും കോടതി തള്ളിയതോടെയാണ് ഇന്ന് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.