നിർമ്മാതാവ് നമിത് മൽഹോത്ര ഒരുക്കുന്ന 'രാമായണം' സിനിമ വീണ്ടും ട്രെന്റിങിലേക്ക്. ചിത്രത്തിലെ ശൂർപ്പണകയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മിഡീയ വൈറൽ. ചിത്രത്തിൽ ശൂർപ്പണകയുടെ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം രാകുൽ പ്രീത് സിംഗ് ആണ്.
നേരത്തെ ഈ വേഷത്തിനായി പ്രിയങ്ക ചോപ്രയെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്താരാഷ്ട്ര പ്രോജക്ടുകളുടെ തിരക്കിലായതിനാൽ നടി അത് നിരസിച്ചിരുന്നു.
അതേസമയം, സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതിനുശേഷം ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ ആവർത്തിച്ച് അവതരിപ്പിച്ചുവരുന്ന രാകുലിന് ഈ വേഷം വെല്ലുവിളി ആകുമെന്നാണ് വിലയിരുത്തൽ.
രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യാഷുമാണ് എത്തുന്നത്. കൂടാതെ അമിതാഭ് ബച്ചൻ ജടായു എന്ന കഥാപാത്രത്തെയും സണ്ണി ഡിയോൾ ഹനുമാനെയും അവതരിപ്പിക്കുന്നു. ലക്ഷ്മണനായി രവി ദുബെ, ശിവനായി മോഹിത് റെയ്‌ന, ദശരഥ രാജാവായി അരുൺ ഗോവിൽ, കൈകേയിയായി ലാറ ദത്ത, മണ്ഡോദരിയായി കാജൽ അഗർവാൾ, ഇന്ദ്രനായി കുനാൽ കപൂർ, വിദ്യുത്ജീവയായി വിവേക് ഒബ്‌റോയ് എന്നിവരും അണിനിരക്കുന്നു.
പ്രിയങ്ക നിലവിൽ അന്താരാഷ്ട്ര പ്രോജക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജൂലൈ 2 ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുന്ന ജോൺ സീനയും ഇഡ്രിസ് എൽബയും അഭിനയിക്കുന്ന ആക്ഷൻ-കോമഡി ചിത്രമായ ഹെഡ്‌സ് ഓഫ് സ്റ്റേറ്റിലാണ് പ്രിയങ്ക അടുത്തതായി അഭിനയിക്കുന്നത്. പിരീഡ് ഡ്രാമയായ ദി ബ്ലഫ്, സിറ്റാഡൽ സീസൺ 2, മഹേഷ് ബാബുവിനൊപ്പമുള്ള എസ്എസ്എംബി 29 എന്നീ ചിത്രങ്ങളിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്.