

ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം 'പ്രൈവറ്റ്' ഒ.ടി.ടിയിലെത്തി. ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിലാണ് അവതരിപ്പിച്ചത്. തിയറ്ററിൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.
ചിത്രം ആഗസ്റ്റിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ സെൻസർ ബോർഡിന്‍റെ കടുംപിടിത്തം കാരണം റിലീസ് വൈക്കുകയായിരുന്നു. സിനിമയിൽ പരാമർശിച്ച ചില സംഭവങ്ങളും വാക്കുകളും നീക്കം ചെയ്തുകൊണ്ട് കടുംവെട്ടാണ് സെൻസർ ബോർഡ് സിനിമക്ക് നൽകിയത്. പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സിനിമ തിയറ്ററിൽ എത്തിയത്.
ഗസ്സയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ട് സിനിമയുടെ 'എലോൺ' എന്ന പേരിലുള്ള 'ഫസ്റ്റ് സിംഗ്ൾ' പുറത്തിറക്കിയത് ശ്രദ്ധേയമായിരുന്നു. ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിൽ ഫലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമായി. ആദ്യമായാണ് ഒരു മലയാള സിനിമയുടെ അണിയറക്കാർ സിനിമയുമായി ബന്ധപ്പെട്ട റിലീസുകളിൽ ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്.
സി ഫാക്ടർ ദ എന്‍റർടെയ്ൻമെന്‍റ് കമ്പനിയുടെ ബാനറിൽ വി.കെ ഷബീർ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹണം ഫൈസൽ അലി നിർവഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- തജു സജീദ്, എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്, മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ-അജയൻ അടാട്ട് സൗണ്ട് മിക്സിങ്-പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ സ്റ്റിൽസ്-അജി കൊളോണിയ, പി.ആർ.ഒ-എ.എസ്.ദിനേശ്.